കൊച്ചി: മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനങ്ങളെ സംബന്ധിച്ച് പഠനവും പഠനത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടാകേണ്ട ഫലപ്രദമായ ഇടപെടലും സംഭവിക്കുന്നില്ലെന്ന് പ്രൊഫ.എം.കെ. സാനു പറഞ്ഞു. എൽ.ഡി.എഫ് സർക്കാരിന്റെ മൂന്നു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന നിഴൽ മന്ത്രിസഭാ സമ്മേളനം തേവര എസ്.എച്ച് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വോട്ടും അധികാരവും ലക്ഷ്യമാക്കാതെ നിഷ്പക്ഷമായ പഠനത്തിലൂടെ ഗൃഹപാഠം ചെയ്തു മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനങ്ങൾ ഗുണദോഷ വിവേചനം നടത്തുമ്പോഴാണ് തിരുത്തലിനു സഹായകമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിഴൽ മുഖ്യമന്ത്രി സുഭദ്ര ശൂലപാണി അദ്ധ്യക്ത വഹിച്ചു. നിഴൽ മന്ത്രിമാരായ പി.ടി. ജോൺ, (കൃഷി) ജയശ്രീ ചാത്തനാത്ത് (റവന്യു) പ്രൊഫ. വിൻസന്റ് മാളിയേക്കൽ (തൊഴിലും എക്‌സൈസും), ഷൈജൻ ജോസഫ് (തദ്ദേശഭരണം), അനിൽ ജോസ് (ഉന്നത വിദ്യാഭ്യാസം) സ്മൃതി ശശിധരൻ (ഗതാഗതം), ബഞ്ചമിൽ ആന്റണി (ആരോഗ്യം) മാഹിൻ കാഞ്ഞൂരാൻ (വനം) എന്നിവർ വകുപ്പുകളെ വിലയിരുത്തി.
നിഴൽ മന്ത്രിമാർ തയാറാക്കിയ വിലയിരുത്തൽ റിപ്പോർട്ടുകളും നിർദ്ദേശങ്ങളും പ്രകടന പത്രികാ വാഗ്ദാനങ്ങളും പ്രോഗ്രസ് റിപ്പോർട്ടുകളിലെ നിർവഹണ പുരോഗതി വിശദീകരണങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ പുസ്തകം പ്രൊഫ. എം.കെ. സാനുവിന് നൽകി നിഴൽ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.