കൊച്ചി : സ്നേഹവും സേവനവും കാരുണ്യവും സമ്മാനിച്ച് നാവികർ വൃദ്ധസദനങ്ങളിലും ബാലസദനങ്ങളിലുമെത്തി. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നകന്നു കഴിയുന്നവർക്ക് സഹായങ്ങൾ നൽകിയും വിനോദപരിപാടികൾ ഒരുക്കിയും നാവികർ ഒരു ദിവസം ചെലവിട്ടു.
നാവിക വാരാചരണത്തിന്റെ ഭാഗമായാണ് ദക്ഷിണ നാവികത്താവളത്തിലെ സ്കൂൾ ഒഫ് നേവൽ എയർമെൻ അംഗങ്ങളും നേവൽ വൈവ്സ് വെൽഫെയർ അസോസിയേഷനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. മട്ടാഞ്ചേരിയിലെ ക്രെസന്റ്സ് ഗേൾസ് ഹോം, നന്ദനം ബാലസദനം, ചുള്ളിക്കലിലെ സെന്റ് ആഗ്നസ് ഓൾഡേജ് ഹോം, കാലടിയിലെ മാദ്ര ചയ്യ, തേവരയിലെ സർക്കാർ വയോജനസദനം എന്നിവിടങ്ങളിലാണ് സംഘം എത്തിയത്.
ശുചീകരണം, കെട്ടിടങ്ങളുടെയും ഫർണിച്ചറുകളുടെയും അറ്റകുറ്റപ്പണികൾ, പെയിന്റടിക്കൽ തുടങ്ങിയവ നാവികർ ചെയ്തു. ജലശുദ്ധീകരണ സംവിധാനം, പാചകവാതക സ്റ്റൗവുകൾ, ഡി.വി.ഡി പ്ളേയർ, അലക്കുയന്ത്രങ്ങൾ, കിടക്കകൾ, ഡയപ്പറുകൾ, പ്രഥമശുശ്രൂഷാ കിറ്റുകൾ തുടങ്ങിയവർ വയോജനമന്ദിരങ്ങൾക്ക് സമ്മാനിച്ചു. വസ്ത്രങ്ങൾ, കായിക ഉപകരണങ്ങൾ, ഫുട്ബാൾ പന്തുകൾ, കളിയുപകരണങ്ങൾ തുടങ്ങിയവ ബാലസദനങ്ങൾക്ക് സമ്മാനിച്ചു. വയോജനങ്ങൾക്കും കുട്ടികൾക്കും വേണ്ടി വിനോദപരിപാടികളും സംഘടിപ്പിച്ചു. വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നകന്നു കഴിയുന്നവർക്ക് സന്തോഷം പകരുകയും പിന്തുണ നൽകുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് നാവിക വക്താവ് അറിയിച്ചു.