#ആറുമാസം കൊണ്ട് മാർക്കറ്റ് പൂർത്തിയാക്കാനൊരുങ്ങി നഗരസഭ
തൃക്കാക്കര: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തൃക്കാക്കര നഗര സഭ മാർക്കറ്റിന് ശാപമോക്ഷമാവുന്നു. ആറുമാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനുളള ശ്രമത്തിലാണ് നഗരസഭ ഭരണ സമിതി. ആദ്യ ഘട്ടത്തിൽ മൂന്ന് കോടി രൂപയാണ് നഗര സഭ പദ്ധതിക്കായി വകയിരിത്തിയിരുന്നത്,കെട്ടിടത്തിന്റെ ആദ്യ ഘട്ട നിർമ്മാണം പൂർത്തിയായിരുന്നു.എന്നാൽ രണ്ടാം ഘട്ടത്തിനുളള ടെൻഡർ നടപടികളിൽ വന്ന കാലതാമസമാണ് പദ്ധതി നീണ്ടുപോകാൻ കാരണം.പദ്ധതി പ്രകാരം നാലുനിലകളാണ് മാർക്കറ്റിനായി സജ്ജമാക്കിയിരിക്കുന്നത്.രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കുമെന്ന് നഗരസഭ എൻജിനീയർ എസ്.രാജേന്ദ്രൻ കൗമുദിയോട് പറഞ്ഞു. രണ്ടാം ഘട്ടത്തിൽ രണ്ടുകോടിരൂപയാണ് ആകെ ചെലവ്.അതിൽ ഒരുകോടിരൂപയുടെ ടെൻഡർ നൽകി. ബാക്കി ഒരുകോടിരൂപയുടെ അനുമതിക്കായി സർക്കാരിലേക്ക് നൽകിയിരിക്കുകയാണ്.ഈ ആഴ്ച അതും ലഭിക്കുന്നതോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
# കൈയേറ്റങ്ങൾ തകൃതി
കാക്കനാട് ജംഗ്ഷനിൽ റോഡിന് ഇരുവശങ്ങളിലുമായി കച്ചവടം നടത്തിയിരുന്നവരെ അന്നത്തെ പഞ്ചായത്ത് ഭരണ സമിതി ഒഴിപ്പിച്ച് കാക്കനാട് കെമിക്കൽ ലാബിന് സമീപം മാർക്കറ്റ് സ്ഥാപിച്ച് മാറ്റിയിരുന്നു. മാർക്കറ്റിൽ മത്സ്യം, മാംസം വില്പനക്കും മറ്റുമായി പത്തു കടമുറികളും, ഷട്ടറില്ലാത്ത കടമുറി എട്ടെണ്ണവുമാണ് ഉള്ളത്. ഇതിൽ പത്താം നമ്പർ കടമുറി എസ്.സി. വിഭാഗത്തിനും ഒന്നാം നമ്പർ കടമുറി മുറി കുടുംബശ്രീക്കും സംവരണം ചെയ്തിരുന്നു. ആദ്യ കാലത്ത് കടമുറികളിൽ പലതും ലേലത്തിൽ പോയെങ്കിലും വെളിച്ചം, വെള്ളം എന്നിവ ഇല്ലാത്തതിനാൽ പലരും അന്നത്തെ പഞ്ചായത്തിൽ കെട്ടിവെച്ച സെക്യൂരിറ്റി തുക പോലും വാങ്ങാതെ കടമുറികൾ ഉപേക്ഷിച്ചു പോയി. ഈ അവസരം മുതലെടുത്ത് ചില കടമുറികളിൽ അനധികൃതമായി ചിലർ കൈയേറി കച്ചവടം നടത്തുകയും,ചിലർ കടമുറികൾ ഭീമമായ ദിവസ വാടകക്ക് മറിച്ച് കൊടുത്തതും വാർത്തയായിരുന്നു.
# കച്ചവടക്കാരോട് ഒമ്പതുവർഷം വീണ്ടുനിന്ന അവഗണന
നഗരസഭ മാർക്കറ്റിൽ കച്ചവടം നടത്തിയിരുന്ന മത്സ്യ-മാംസ-പച്ചക്കറി കച്ചവടക്കാരോട് തികഞ്ഞ അവഗണനയാണ് നഗര സഭ കാട്ടിയത്. 2013 ൽ അന്നത്തെ യു.ഡി.എഫ് ഭരണ സമിതി നഗരസഭ പൂട്ടി സീൽ ചെയ്തു മാർക്കറ്റ് അതിവേഗത്തിൽ പൂർത്തിയാക്കേണ്ടാതായിരുന്നു. 2010 മുതൽ 2015 വരെ യു.ഡി.എഫ് ഭരണ സമിതി ഈ പദ്ധതിക്ക് കാര്യമായ ഇടപെടൽ നടത്തിയില്ല. എന്നാൽ അതിനു ശേഷം 2015 ഡിസംബറിൽ എൽ.ഡി.എഫ് ഭരണ സമിതി അധികാരത്തിൽ വന്നെങ്കിലും ഇടതുവലത് മുന്നണികൾക്ക് ഒറ്റക്ക് ഭരിക്കാൻ അംഗബലമില്ലാത്തതും,അധികാരി ചെയർപേഴ്സൻമാർ മാറിമാറി വരുന്നതും പദ്ധതിയുടെ ചിറകൊടിച്ചു
.
# ആകെ നാലുനിലകൾ
ബേസ് മെന്റ് ഒന്ന്
ബസ് മെന്റ് രണ്ട്
ഗ്രൗണ്ട് ഫ്ലോർ
ഫസ്റ്റ് ഫ്ലോർ