കൊച്ചി: കേരളത്തിലെ പുരുഷന്മാരിൽ വന്ധ്യതയേറുന്നുവെന്ന് പ്രമുഖ വന്ധ്യതാചികിത്സകൻ ഡോ. കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ജോലി സമ്മർദ്ദം മുതൽ അന്തരീക്ഷ മലിനീകരണം വരെ പുരുഷന്മാരിലെ വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. സമൂഹം ഇപ്പോഴും പുരുഷന്മാരിലെ വന്ധ്യത അപമാനമാണെന്ന് കരുതി ചർച്ച ചെയ്യുന്നതിന് വിലക്ക് കൽപ്പിച്ചിരിക്കുകയാണ്. മുമ്പ്, സ്ത്രീകളുടെയും പുരുഷന്മാരുടെയും - ഇരുവരും ചേർന്നുണ്ടാകുന്ന - വന്ധ്യതയുടെ അളവ് 30 ശതമാനം വച്ചായിരുന്നെങ്കിൽ ഇപ്പോൾ 10ൽ ഏഴ് കേസുകളിലും പുരുഷന്മാരിലാണ് പ്രശ്നം കണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ വന്ധ്യതയെക്കുറിച്ച് ആരും ചിന്തിക്കാതിരുന്ന കാലത്താണ് കുട്ടികളില്ലാത്തവർക്ക് എന്തുകൊണ്ട് കുട്ടികളാകുന്നില്ല എന്നതിനെ കുറിച്ച് കൂടുതൽ പഠിക്കാനും ചികിത്സ നൽകാനും ഡോ. കൃഷ്ണൻകുട്ടി തീരുമാനിച്ചത്. അതിനായി കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തുമായി നിരവധിയിടങ്ങളിൽ അദ്ദേഹം ജോലി ചെയ്തു. കിട്ടാവുന്ന അറിവുകളെല്ലാം നേടി. മൂന്ന് തലമുറയ്ക്കെങ്കിലും തന്റെ അറിവിനാൽ മക്കളെന്ന സന്തോഷം നൽകാനായതിന്റെ സംതൃപ്തി അദ്ദേഹം മറിച്ചുവയ്ക്കുന്നില്ല.
ജീവിതശൈലി കൊണ്ട് വന്ധ്യതയുള്ള രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം രോഗത്തെ കുറിച്ച് ആളുകൾക്ക് അറിയാമെന്നതും ചികിത്സ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകാൻ കാരണമാകുന്നുണ്ട്. അതേസമയം, ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും കൃത്യമായ ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്തതും കുട്ടികളുണ്ടാകുന്നതിന് തടസമാകുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
വന്ധ്യതാചികിത്സാരംഗത്ത് 50 വർഷം പൂർത്തിയാക്കുന്ന ഡോ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലുള്ള കെയർ സെന്ററിന്റെ കൊച്ചിയിലെ ശാഖ ഇന്നലെ ആരംഭിച്ചു. ഡോ. കൃഷ്ണൻകുട്ടിയുടെ മകൻ ഡോ.നിർമ്മൽ കൃഷ്ണന്റെ മേൽനോട്ടത്തിലാണ് കെയറിന്റെ കൊച്ചി ശാഖയുടെ പ്രവർത്തനം.
''ബീജത്തിന്റെയും അണ്ഡത്തിന്റെയും ഗുണം പരിശോധിക്കാനുള്ള അതിനൂതന സാങ്കേതികവിദ്യ ഇപ്പോഴുണ്ട്. ഐ.വി.എഫിന് വിധേയരാകുന്നവരിൽ ഏറ്റവും മികച്ച ഭ്രൂണം തന്നെ നിക്ഷേപിക്കാനാവുന്നതിനാൽ താരതമ്യേന ആരോഗ്യപരമായി പ്രശ്‌നങ്ങളില്ലാത്ത കുട്ടികളെ സൃഷ്ടിക്കാൻ കഴിയുന്നതാണ് മറ്റൊരു ഗുണം""
ഡോ.കെ. കൃഷ്‌ണൻ കുട്ടി
കെയർ സെന്റർ
വന്ധ്യതയിലേക്ക് നയിക്കുന്ന കാരണങ്ങൾ
പൊണ്ണത്തടി
ജോലി, മാനസിക സമ്മർദ്ദം
മദ്യപാനം, പുകവലി
ജങ്ക് ഫുഡ്
ചൂടിനോട് കൂടുതൽ സമ്പർക്കത്തിൽ വരുന്ന ജോലി
കൂടുതൽ ബൈക്ക് യാത്ര
പെയിന്റ്, കീടനാശിനികളുമായുള്ള നിരന്തര സമ്പർക്കം
അന്തരീക്ഷ മലിനീകരണം
സ്ത്രീകളിലെ മറ്റുകാരണങ്ങൾ
വൈകിയുള്ള വിവാഹം
പോളിസിസ്റ്റിക് ഓവറി രോഗം (പി.സി.ഒ.ഡി)
ട്യൂബിലുള്ള പ്രശ്നങ്ങൾ
എൻഡോമെട്രിയോസിസ്
വന്ധ്യതയ്ക്കുള്ള ചികിത്സകൾ
ഐ.യു.ഐ - ഇൻട്രായൂട്ടറൈൻ ഇൻസെർമിനേഷൻ - ബീജം കഴുകി സ്ത്രീയുടെ ഗർഭാശയത്തിൽ നിക്ഷേപിക്കുന്നത്
ഐ.വി.എഫ്- ഇൻ വിട്രോ ഫെർട്ടിലൈസേഷൻ - അണ്ഡവും ബീജവും പുറത്തെടുത്ത് സംയോജിപ്പിച്ച് ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നത്
ഇക്സി - (പുരുഷ വന്ധ്യതയ്ക്കുള്ള ചികിത്സ) ഒരൊറ്റ ബീജത്തെ അണ്ഡത്തിൽ നേരിട്ട് കുത്തിവച്ച് ഭ്രൂണമാക്കിയതിന് ശേഷം ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നത്
കെയർ സെന്റർ കൊച്ചി
കേന്ദ്രം തുറന്നു
തൃശൂർ ആസ്ഥാനമായുള്ള വന്ധ്യതാചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ കെയർ സെന്ററിന്റെ കൊച്ചി കേന്ദ്രം മാമംഗലം മാത്യു സൺസ് സെന്റർ പോയിന്റിലെ നാലാംനിലയിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ വന്ധ്യതാ ചികിത്സകനും കെയർ സെന്റർ ചെയർമാനും സീനിയർ കൺസൾട്ടന്റുമായ ഡോ.കെ. കൃഷ്‌ണൻകുട്ടി ഉദ്ഘാടനം ചെയ്‌തു.
ഐ.യു.ഐ അടക്കമുള്ള സേവനങ്ങളാണ് തുടക്കത്തിൽ കൊച്ചി കേന്ദ്രത്തിൽ ഉണ്ടാവുക. ഐ.വി.എഫിനും കൂടുതൽ വിദഗ്ദ്ധ പരിശോധനകൾക്കും തൃശൂർ സെന്ററിലെ ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തും. തൃശൂർ കേന്ദ്രത്തിലെ വിദഗ്ദ്ധരായ ഡോക്‌ടർമാരുടെ സേവനം കൊച്ചിയിലും ലഭ്യമാക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇളവുകളും ല്യമാണ്.
ഡോ.കെ. കൃഷ്‌ണൻ കുട്ടിയുടെ മകനും കൺസൾട്ടന്റ് ഇൻഫർട്ടിലിറ്രി സ്‌പെഷ്യലിസ്‌റ്റും ലാപ്രോസ്‌കോപ്പിക് സർജനുമായ ഡോ. നിർമ്മൽ കൃഷ്‌ണൻ, എംബ്രിയോളജിസ്‌റ്ര് ഡോ. നിമ്മി നിർമ്മൽ, ഡോ. ദീപ, ഡോ. ബിബു പൊന്നൂരാൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സൗജന്യവന്ധ്യത നിവാരണ ക്യാമ്പും സംഘടിപ്പിച്ചു.
2014ലാണ് തൃശൂർ പൂങ്കുന്നത്ത് കെ. കൃഷ്‌ണൻകുട്ടിയുടെ നേതൃത്വത്തിൽ കെയർ സെന്ററിന് തുടക്കമിട്ടത്. ഫെർട്ടിലിറ്രി, ഗൈനക്കോളജി, ആൻഡ്രോളജി ചികിത്സകളാണ് കെയർ സെന്ററിൽ ലഭ്യമാക്കുന്നത്.