കാലടി: കാലടിയുടെ യഥാർത്ഥ മുഖവും, ആനുകാലിക പ്രശ്നങ്ങളും വർണ്ണക്കൂട്ടിലൂടെ വരച്ച് കാട്ടുകയാണ് ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥികളായ വിഷ്ണുപ്രിയൻ, അമ്പാടി കണ്ണൻ, അർജുൻ ഗോപി ,ശ്രീരാഗ്, ബഷാർ എന്നീ യുവാക്കൾ. ഒരു മാസത്തിനുള്ളിൽ 17 ചിത്രങ്ങൾ ഇവർ നാടാകെ വരച്ച് തീർത്തു. ടൗണിലെ ഇറച്ചി മാർക്കറ്റിലേക്ക് പ്രവേശിക്കുന്ന ഇടനാഴി, ടൗണിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, മൂത്രമതിലുകൾ തുടങ്ങിയ അസ്വസ്ഥതയുളവാക്കുന്ന ഇടങ്ങൾ ഈ ചിത്രകാരന്മാർ തങ്ങളുടെ വരപ്രതലങ്ങളാക്കി മാറ്റി. പരിസരങ്ങൾ എങ്ങിനെ വൃത്തിയായി സൂക്ഷിക്കാമെന്ന് ഇറച്ചി മാർക്കറ്റിലെ ചുമർ ചിത്രങ്ങൾ വരച്ച് കാട്ടുന്നു. പെയിന്റ് ദ വാളിലൂടെ ചിത്രകല അഭ്യസിച്ചിറങ്ങുന്നവർക്ക് ജനകീയതയുടെ ക്യാൻവാസുകളാണ് തുറന്നിടുന്നതെന്ന് ട്രസ്‌പാസ് എന്ന കലാകാര ഗ്രൂപ്പിലെ ഈ ചിത്രകാരന്മാർ പറഞ്ഞു.