കൊച്ചി : വർഷം രണ്ടു കഴിഞ്ഞോട്ടെ. വൈറ്റില മൊബിലിറ്റി ഹബിൽ ബസിറങ്ങി നേരെ മെട്രോ ട്രെയിനിലേയ്ക്ക് കയറാം. ഹബിന്റെ രണ്ടാം ഘട്ട വികസനം കൊച്ചിയിലെ ഗതാഗതസംവിധാനങ്ങളുടെ സംയോജനമായി മാറും. ഒറ്റ ടിക്കറ്റിലോ ഇലക്ട്രോണിക് കാർഡിലോ ബസിലും ബോട്ടിലും മെട്രോയിലും യാത്ര ചെയ്യാം.

എല്ലാം ഒരു കുടക്കീഴിൽ

മൊബിലിറ്റി ഹബും മെട്രോ സ്റ്റേഷനും ഒരുകുടക്കീഴിലാക്കി ഹരിതഭംഗി നിലനിറുത്തിയും അത്യാധുനിക സൗകര്യങ്ങളോടെയും വിവിധ ഗതാഗത സംവിധാനങ്ങളെ സംയോജിപ്പിച്ചുമാണ് രണ്ടാം ഘട്ട വികസനം. 26 ഏക്കർ സ്ഥലം വിദേശമാതൃകയിൽ മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഹബാകും.

മെട്രോ സ്റ്റേഷനും ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലവും തമ്മിൽ ഇപ്പോൾ വലിയ ദൂരമുണ്ട്. അടുത്ത ഘട്ടത്തിൽ ബസ് ടെർമിനൽ മെട്രോ സ്റ്റേഷനു സമീപത്താക്കും. ഹബും മെട്രോ സ്റ്റേഷനും ബന്ധിപ്പിച്ച് എലിവേറ്റഡ് പാലവും നിർമ്മിക്കും.

നിലവിലെ ഹബ് പാർക്കിംഗ് സ്ഥലമാകും. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയും അമൃത മിഷൻ ഡയറക്ടറും ഹബ് സൊസൈറ്റിയുടെ മാനേജിംഗ് ഡയറക്ടറുമായ ആർ. ഗിരിജ ഹബ് വികസനത്തിന് നേതൃത്വം നൽകും.

രണ്ടാം ഘട്ട വികസനമിങ്ങനെ

 ദീർഘദൂര ബസുകൾക്ക് ടെർമിനൽ, വാണിജ്യ കെട്ടിടം, യാത്രക്കാർക്കും വാഹന ഓപ്പറേറ്റർമാർക്കും സൗകര്യങ്ങൾ. 950 കാറുകൾക്കും 2500 ഇരുചക്ര വാഹനങ്ങൾക്കും പാർക്കിംഗ്

 കിയോസ്കുകൾ, സൂപ്പർ മാർക്കറ്റുകൾ, 450 പേർക്കിരിക്കാവുന്ന എ.സി. ഹാൾ, മൾട്ടി സ്റ്റാർ ഹോട്ടലുകൾ, ഡോർമെറ്ററികൾ എന്നിവ ഉൾപ്പെടുന്ന 1,07,24,327 സ്ക്വയർ മീറ്റർ വിസ്തീർണമുള്ള കെട്ടിടം.

 അന്തർ സംസ്ഥാന സ്വകാര്യ ബസ് സർവീസുകളുടെ കേന്ദ്രം.

 44,629 സ്ക്വയർ മീറ്റർ വിസ്തീണമുള്ള ഹരിത പാർക്ക്, സോളാർ എനർജി പാനലുകൾ, മഴവെള്ളസംഭരണി, 5 പേരെ കിടത്തി ചികിത്സിക്കാൻ കഴിയുന്ന ക്ളിനിക്ക്.

 ദേശീയ ജലപാതയോടു ചേർന്ന് വെെറ്റില മെട്രോ സ്റ്റേഷന്റെ 300 മീറ്റർ അകലെ റെയിൽവേയുടെ ഹാൾട്ടിംഗ് സ്റ്റേഷൻ. റെയിൽവേ യാത്രയും ഹബിൽ ഉൾപ്പെടുത്തും.

 കണിയാമ്പുഴയാർ വഴി കാക്കനാട് - വെറ്റില ജലമെട്രോ.

.

# നടത്തിപ്പിങ്ങനെ

ആകെ ചെലവ് 572 കോടി. 80 ശതമാനം ഫ്രഞ്ച് വികസന ഏജൻസിയായ എ.എഫ്.ഡി 1.5 ശതമാനം പലിശയ്ക്ക് ദീർഘകാല വായ്പ നൽകും. ബാക്കി 20 ശതമാനം സർക്കാർ വിഹിതം.

ഐ.പി.ഇ. ഗ്ലോബലാണ് രണ്ടാം ഘട്ട വികസനത്തിന്റെ കൺസൾട്ടൻസി.

രണ്ടാം ഘട്ട നിർവഹണ ചുമതലയും സ്ട്രക്ചറൽ ഡിസെെനിംഗും . കെ.എം.ആർ.എല്ലിനാണ്

നടപടിക്രമങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. വായ്പ ലഭിക്കാൻ രണ്ട് മാസം വേണം. രണ്ടു വർഷം കൊണ്ട് പണി പൂർത്തീകരിക്കും.

ആർ. ഗിരിജ

മാനേജിംഗ് ഡയറക്ടർ

വെെറ്റില മൊബിലിറ്റി ഹബ് സൊസെെറ്റി.