കൊച്ചി: പശ്ചിമകൊച്ചിയിലെ ജല -കക്കൂസ് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്ന ആധുനിക പ്ളാന്റ് രണ്ടു വർഷത്തിനകം പ്രവർത്തനം ആരംഭിക്കും. പതിനായിരം വീടുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വന്നുപോകുന്ന ജനങ്ങൾക്കും ഗുണം ചെയ്യുന്ന പദ്ധതിയുടെ പ്രാഥമിക ജോലികൾ ആരംഭിച്ചു.

കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സ്‌മാർട്ട് സിറ്റി മിഷൻ നഗരവികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പശ്ചിമകൊച്ചിയിൽ രണ്ടു മലിനജല സംസ്കരണ പ്ളാന്റുകൾ സ്ഥാപിക്കുന്നത്.പ്ളാന്റുകൾ നിർമ്മിക്കാൻ കരാർ നൽകിയതായി കൊച്ചി സ്‌മാർട്ട് മിഷൻ ലിമിറ്റഡ് അധികൃതർ കേരളകൗമുദിയോട് പറഞ്ഞു.

പദ്ധതിയുടെ ചെലവ് 166 കോടി രൂപ

# പദ്ധതി ഇങ്ങനെ

വീടുകളിലെ കക്കൂസ് മാലിന്യങ്ങൾ, കുളിമുറിയിൽ നിന്നും അടുക്കളയിൽ നിന്നുമുള്ള മലിനജലം എന്നിവ സംസ്കരിക്കുകയാണ് പദ്ധതി. കാനകൾ, തോടുകൾ, കായലുകൾ തുടങ്ങിയവയിലേയ്ക്ക് മാലിന്യം ഒഴുക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇതുമൂലം കാനകളും തോടുകളും മലിനമാകും. കൊതുകും രോഗാണുക്കളും വളരും. പകർച്ച വ്യാധികൾക്കും ഉണ്ടാകും.

വീടുകളിൽ നിന്ന് പൈപ്പ് ലൈനുകൾ സ്ഥാപിച്ച് ജലമാലിന്യങ്ങൾ ശേഖരിക്കും. ഇവയെ ഒരിടത്തേയ്ക്ക് ഒഴുക്കി കൊണ്ടുവന്നു സംഭരിക്കും. അവിടെ നിന്ന് വാക്വം സാങ്കേതികവിദ്യയിൽ പ്ളാന്റുകളിലെത്തിക്കും. ഇലക്ട്രോണിക് സംവിധാനങ്ങൾ ബന്ധിപ്പിച്ചാണ് പൈപ്പുകൾ സ്ഥാപിക്കുക. ഓരോ പൈപ്പും ഇതുവഴി നിരീക്ഷിക്കാൻ കഴിയും. പൈപ്പുകൾ അടയുന്നതുൾപ്പെടെ എന്തു പ്രശ്നമുണ്ടായാലും തത്സമയം അറിയാൻ കഴിയും.പ്ളാന്റിലെത്തിക്കുന്ന മലിനജലം സംസ്കരിക്കും. സംസ്കരിച്ച വെള്ളം മലിനീകരണ നിയന്ത്രണ ബോർഡിന്റെ വ്യവസ്ഥകൾ പാലിച്ച് തോട്ടിലും കായിലും ഒഴുക്കിവിടും.

# കരാറുകാർ സർവേ ആരംഭിച്ചു

ഹൈദരാബാദ് ആസ്ഥനമായ എൽ.സി. ഇൻഫ്രാ ക്വാവക് ആൻഡ് എൻവിറോ കൺസോർഷ്യം എന്ന സ്ഥാപനത്തിനാണ് കരാർ നൽകിയത്. ഡൽഹിയിലും ഗോവയിലുമുൾപ്പെടെ പ്ളാന്റുകൾ നിർമ്മിച്ച കമ്പനിയാണത്. നിർമ്മിച്ചു പരിപാലിച്ച് കൈമാറുകയെന്ന വ്യവസ്ഥയിലാണ് നിർമ്മാണം. അഞ്ചു വർഷം പ്രവർത്തിപ്പിച്ചശേഷം പ്ളാന്റ് നഗരസഭയ്ക്കോ മറ്റ് ഏജൻസികൾക്കോ കൈമാറും. പൈപ്പിടാൻ താല്പര്യമുള്ള വീടുകളെയും സ്ഥാപനങ്ങളെയും കണ്ടെത്തുന്ന സർവേ കരാറുകാർ ആരംഭിച്ചു.

# ബോധവത്കരണം അനിവാര്യം

പദ്ധതിയെക്കുറിച്ച് ബോധവത്കരണം കൊച്ചി സ്‌മാർട്ട് മിഷനും ആരംഭിച്ചു. നഗരസഭാ കൗൺസിലർമാർ, പൊതുപ്രവർത്തകർ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, പൊതുജനങ്ങൾ എന്നിവർക്കായി പദ്ധതി വിശദീകരണം നടത്തി. ജനങ്ങളെ ബോദ്ധ്യപ്പെടുത്തി പദ്ധതി പ്രാവർത്തികമാക്കുകയാണ് ലക്ഷ്യമെന്ന് സ്‌മാർട്ട് മിഷൻ പാർട്നർഷിപ്പ് ഓഫീസർ കെ. ഐശ്വര്യ പറഞ്ഞു.

# പദ്ധതി വിശേഷങ്ങൾ

പ്രയോജനം കൊച്ചി നഗരസഭയിലെ ഒന്നു മുതൽ അഞ്ചു ഡിവിഷനുകളിൽ താമസിക്കുന്നവർക്ക്

പ്രയോജനം ലഭിക്കുന്ന വീടുകൾ : 10,000

പ്ളാന്റുകൾ നിർമ്മിക്കുന്നത് രണ്ടു ഘട്ടങ്ങളിൽ

ആദ്യഘട്ടം : ഒന്ന്, രണ്ട് ഡിവിഷനുകളിൽ

സംസ്കരണ ശേഷി : പ്രതിദിനം 2.6 ദശലക്ഷം ലിറ്റർ മലിനജലം

രണ്ടാം ഘട്ടം : മൂന്നു മുതൽ അഞ്ചു വരെ ഡിവിഷനുകളിൽ

സംസ്കരണ ശേഷി : പ്രതിദിനം 3.9 ദശലക്ഷം ലിറ്റർ മലിനജലം

പദ്ധതിയുടെ മാെത്തം ചെലവ് : 166 കോടി രൂപ

പൂർത്തിയാക്കൽ ലക്ഷ്യം : 2021