കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് വിദ്യാർത്ഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. അറസ്റ്റിലായ അലന്റെ വല്ല്യമ്മയും നടിയുമായ സജിതാ മഠത്തിലിന്റെ ഫേസ്ബുക്കിലെ വികാരനിർഭരമായ കുറിപ്പ് വൈറലായി. സംവിധായകൻ ആഷിഖ് അബുവിന്റെ പോസ്റ്റും ചർച്ചയായിട്ടുണ്ട്. ഇരുവരും ഇടതുപക്ഷ അനുഭാവികളാണ്.
ആശങ്കയും സങ്കടവും നിറഞ്ഞതാണ് അലൻ വാവേ എന്ന് അഭിസംബോധന ചെയ്താണ് സജിതയുടെ കുറിപ്പ് തുടങ്ങുന്നത്.
സർക്കാരിനെ നിശിതമായി വിമർശിക്കുന്നതാണ് ആഷിഖ് അബുവിന്റെ പോസ്റ്റ്. വാളയാർ കേസിലും മാവോയിസ്റ്റ് വേട്ടയിലും മാദ്ധ്യമപ്രവർത്തകനെ ഐ.എ.എസുകാരൻ കൊന്നതിലും തെളിയുന്നത് പൊലീസ് ക്രിമിനലുകളുടെയും ബ്യൂറോക്രാറ്റുകളുടെയും മേൽ ഈ സർക്കാരിനും നിയന്ത്രണമില്ല എന്നതാണ്. ഭരണകൂട ഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാർട്ടിക്ക് ഈ കാര്യത്തിൽ ഒരു ചുക്കും ചെയ്യാൻ പറ്റാത്തത് അത്യന്തം പ്രതിഷേധാർഹമാണെന്നും ആഷിഖ് പറയുന്നു.
സജിതയുടെ കുറിപ്പ്
അലൻ വാവേ
വല്യമ്മക്കും അമ്മക്കും ഉറക്കം വരുന്നില്ല.
നിന്റെ നീളം ഒതുക്കാൻ തക്കവണ്ണം പണിയിച്ച കട്ടിലിൽ ഞങ്ങൾ നിശബ്ദരായി ഇരിക്കുകയാണ്. നിലത്ത് കിടന്നാൽ പുറംവേദന വരുമെന്ന് നീ പറയാറില്ലെ?
നാളെ നിന്നെ വിയ്യൂർ ജയിലിലേക്ക് കൊണ്ടു പോകും. നിനക്കായി വസ്ത്രങ്ങൾ എടുത്തു വെക്കുമ്പോൾ നിന്റെ ചുവന്ന മുണ്ടുകൾ എന്നെ ഭയപ്പെടുത്തുന്നതു പോലെ! ഇനി വെള്ളമുണ്ടുകൾ മതിയല്ലെ?
രാത്രി പുസ്തകം വായിച്ചു ഉറങ്ങണ്ടെ? ഏത് പുസ്തമാണ് ബാഗിൽ വെക്കേണ്ടത്? അല്ലെങ്കിൽ നീ ഇനി ഒന്നും വായിക്കണ്ട! പുസ്തകം നിനക്ക് എത്തിക്കാൻ തന്നെ ഭയം തോന്നുന്നു.
നമുക്കിനി രാഷ്ട്രീയ ചർച്ചകൾ നടത്തണ്ട വാവേ... നിയമം പഠിക്കാൻ റാങ്കുമായി പുറപ്പെട്ട നീയിനി, നിയമത്തിന്റെ കുരുക്കഴിച്ച്,, അഴിച്ച്! ഇനി എത്ര നാൾ? പെട്ടെന്ന് തിരിച്ച് വായോ!
നിന്റെ കരുതലില്ലാതെ അനാഥമായ ഞങ്ങൾ!