കൊച്ചി: കേന്ദ്രാവിഷ്കൃത പദ്ധതികൾ വിലയിരുത്തുന്നതിനുള്ള ദിശ അവലോകന യോഗം ചെയർമാൻ ഹൈബി ഈഡൻ എം.പി യുടെ അദ്ധ്യക്ഷതയിൽ ചേർന്നു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രിയുടെ നിർദ്ദേശപ്രകാരം പോക്സോ കേസുകളുടെ അവലോകനവും ദിശയുടെ ഭാഗമായി പരിഗണിക്കുമെന്ന് ഹൈബി ഈഡൻ പറഞ്ഞു.
ജില്ലയിൽ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ആസൂത്രണവും പ്രവർത്തനങ്ങളും യോഗത്തിൽ വിലയിരുത്തി. മൈക്രോ ഇറിഗേഷൻ പദ്ധതിയിൽ നേരത്തെ ലഭിച്ചിരുന്ന 90 ശതമാനം സബ്സിഡി 45 ശതമാനമാക്കി കുറച്ചത് മൂലം കർഷകർക്ക് പ്രയോഗിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതിയിൽ ഭവന നിർമ്മാണം ആരംഭിക്കുന്നതിനുള്ള അനുവാദം ലഭിച്ചിട്ടില്ല എന്നും പരാതി ഉയർന്നു. മാലിപ്പുറം പി.എച്ച്.സിയിൽ കാനഡ ഗവ. കിടക്കകൾ നൽകിയിട്ടും ഡോക്ടർമാരുടെ അഭാവം മൂലം കിടത്തി ചികിത്സ ആരംഭിച്ചിട്ടില്ല. ഇത് പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നു.
ഗവ. ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ദിശ കോ -ചെയർമാൻ ഡീൻ കുര്യാക്കോസ് എം.പി , അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. ചന്ദ്രശേഖരൻ നായർ , കെ.ജെ. മാക്സി എം.എൽ.എ , ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ കെ. ജി തിലകൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.