കൊച്ചി: കൊച്ചിയെ ഡിമെൻഷ്യ സൗഹൃദ നഗരമാക്കുന്നതിൽ സമൂഹ പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനത്തോടെ കുസാറ്റിൽ നടന്ന രാജ്യാന്തര സമ്മേളനം ഉദ്‌ബോധ് 2019 സമാപിച്ചു. അടുത്ത ആറുമാസം അൽഷിമേഴ്‌സ് രോഗത്തെക്കുറിച്ച് സമൂഹാവബോധം സൃഷ്ടിക്കാനും ആദ്യഘട്ടത്തിലെ രോഗം കണ്ടെത്താനും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുയിടങ്ങളും കേന്ദ്രീകരിച്ച് മെമ്മറി ക്ലിനിക്ക്, മെമ്മറി കഫേ, റോഡ്‌ഷോ, പോസ്റ്റർചിത്ര പ്രദർശനം, മെമ്മറി കിയോസ്‌ക്, തെരുവുനാടകം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും. എറണാകുളം ജില്ലാ ഭരണകൂടവും കുസാറ്റിലെ സെന്റർ ഫോർ ന്യൂറോ സയൻസസിന്റെ ഉദ്യമമായ പ്രജ്ഞയും സംയുക്തമായാണ് 'ഉദ്‌ബോധ്' സംഘടിപ്പിച്ചത്.

കാര്യക്ഷമമായ പരിപാലനത്തിലൂടെ അൽഷിമേഴ്‌സ് ഉൾപ്പെടെയുള്ള മറവിരോഗം ബാധിച്ചവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാകുമെന്ന് ഡൽഹി ജെ.എൻ.യുവിലെ സെന്റർ ഫോർ സോഷ്യൽ മെഡിസിൻ ആൻഡ് കമ്മ്യൂണിറ്റി ഹെൽത്തിലെ പ്രൊഫ. സംഗമിത്ര ആചാര്യ അഭിപ്രായപ്പെട്ടു. സ്‌നേഹം, അനുകമ്പ, കരുതൽ എന്നിവയിലൂടെ മറവിരോഗ ബാധിതരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാകുമെന്നും ഇതിനായി സമൂഹത്തിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും പുഷ്പഗിരി മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പലും സൈക്യാട്രി വിഭാഗം മേധാവിയുമായ ഡോ. റോയ് കള്ളിവയലിൽ പറഞ്ഞു.