മരട്: കുമ്പളത്ത് തെരുവ് നായകളുടെ ആക്രമണത്തിൽ പ്രദേശവാസികളായ ഒമ്പത് പേർക്ക് പരിക്കേറ്റു. യോഗപ്പറമ്പ് പരിസരത്ത് നെട്ടൂർ-കുമ്പളം പാലത്തിന് സമീപം ശനിയാഴ്ച് രണ്ടുപേരെയും ഇന്നലെ ഏഴ് പേരെയുമാണ് തെരുവ് നായ കടിച്ചത്. കടക്കോടത്ത് ഉണ്ണികൃഷ്ണന്റെ മകൻ വിധുകൃഷ്ണൻ (11), മട്ടംപറമ്പത്ത് മുകേഷ് എന്നിവർക്കാണ് ശനിയാഴ്ച്ച രാത്രിയിൽ കടിയേറ്റത്. ഇന്നലെ രാവിലെ 7 മണിയോടെയാണ് നായ വീണ്ടും മറ്റുള്ളവരെ കടിച്ചത്. കൊല്ലശേരിൽ വാസു, കായിപ്പുറത്ത് ബിജു, മഠത്തിപ്പറമ്പ് ശരവണന്റെ മകൻശ്യാംരാജ്, കളപ്പുരയ്ക്കൽ ഷാജി, ബൈജു, നൂറു കണ്ണി, അംബുജാക്ഷൻ ലക്ഷംവീട് എന്നിവരെ കൂടാതെ നെട്ടൂർ സ്വദേശിയായ ഒരു യുവാവിനെയും നായ ഇന്നലെ ഓടിച്ചിട്ട് കടിച്ചു.കടിയേറ്റവർ നെട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലെത്തി കുത്തിവെയ്പ്പ് നടത്തി. തച്ചങ്ങാട് ചന്ദ്രന്റെ വീട്ടിൽ കെട്ടിയിട്ടിരുന്ന വളർത്ത് നായയെയും കടിച്ചിട്ടുണ്ട്. വളർത്ത് നായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാക്കണമെന്നും, കടിയേറ്റവർക്ക് ആവശ്യമായചികിത്സാ സൗകര്യങ്ങൾ ഉറപ്പ് വരുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.