പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ട അദ്ധ്യാപകനെ നിലനിറുത്താൻ കുസാറ്റ്
സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നു
കൊച്ചി : നിയമാനുസൃത യോഗ്യതയില്ലെന്ന് കണ്ടെത്തി പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ട അദ്ധ്യാപകനെ നിലനിറുത്താൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ് ) അപ്പീൽ നൽകുന്നത് വിവാദമായി.ഇടതുപക്ഷ അനുകൂല അദ്ധ്യാപക സംഘടനയുടെ നിവേദനം പരിഗണിച്ചാണ് കുസാറ്റ് സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നത്.
# വിധി വന്ന വഴി
കുസാറ്റിലെ ബയോടെക്നോളജി വകുപ്പിൽ 2015 ൽ നടത്തിയ നിയമനമാണ് കോടതി കയറിയത്. അദ്ധ്യാപക നിയമനത്തിന് നെറ്റ് യോഗ്യത വേണമെന്നാണ് വ്യവസ്ഥ. അപേക്ഷ ക്ഷണിച്ച് തയ്യാറാക്കിയ റാങ്ക് പട്ടികയിൽ ഒന്നാം റാങ്ക് നേടിയ ഡോ.പി.എസ്. ബേബി ചക്രപാണിക്ക് നിയമനം നൽകി.
രണ്ടാം റാങ്ക് നേടിയ ഡോ. രഹ്ന അഗസ്റ്റിൻ നിയമനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചു. ചക്രപാണി നെറ്റ് നേടാത്തതിനാൽ നിയമനത്തിന് അർഹനല്ലെന്നായിരുന്നു വാദം. വിദേശ സ്ഥാപനത്തിൽ നിന്ന് നേടിയ പി.എച്ച്.ഡി പരിഗണിച്ച് നിയമനം നൽകിയെന്നായിരുന്നു കുസാറ്റിന്റെ വാദം. നെറ്റ് യോഗ്യത നിർബന്ധമായതിനാൽ യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണ് നിയമനമെന്ന് ഡിവിഷൻ ബെഞ്ച് കണ്ടെത്തി. നിയമനം റദ്ദാക്കിയ ഹൈക്കോടതി ഒരു മാസത്തിനകം രണ്ടാം റാങ്കുകാരിക്ക് നിയമനം നൽകാനും കഴിഞ്ഞ ഒക്ടോബർ മൂന്നിന് ഉത്തരവിട്ടിരുന്നു.
# സാങ്കേതികമെന്ന് ഇടതു സംഘടന
ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ സംഘടനയായ കൊച്ചിൻ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ വൈസ് ചാൻസലർക്ക് നിവേദനം സമർപ്പിച്ചു. സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് നിയമനം റദ്ദാക്കിയത്. അദ്ദേഹത്തിന്റെ അക്കാഡമിക മികവും മികച്ച സേവനവും പരിഗണിക്കണം.
അസോസിയേഷന്റെ നിവേദനം പരിഗണിച്ച് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കാൻ കുസാറ്റ് സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഒരുവിഭാഗം അദ്ധ്യാപകരും ജീവനക്കാരും ഇതിൽ പ്രതിഷേധിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ സർവകലാശാല തന്നെ അപ്പീൽ നൽകുന്നതിന്റെ സാംഗത്യവും അവർ ഉന്നയിക്കുന്നു.
# നിയമനങ്ങളിൽ കള്ളക്കളി
മുൻ വൈസ് ചാൻസലറുടെ കാലത്ത് നടന്ന നിയമനങ്ങളിൽ കള്ളക്കളികൾ നടന്നെന്ന് ജീവനക്കാർ ആരോപിക്കുന്നു. ഇന്ത്യയിൽ അംഗീകാരമില്ലാത്ത പി.എച്ച്.ഡിയുടെ പേരിലാണ് ഡോ. ചക്രപാണിയെ നിയമിച്ചത്. നിയമനത്തിന് ശേഷം ചേർന്ന ഡീൻമാരുടെ യോഗത്തിൽ അദ്ദേഹത്തിന്റെ പി.എച്ച്.ഡിക്ക് കുസാറ്റിന്റെ അംഗീകാരം നൽകാൻ വൈസ് ചാൻസലറായിരുന്ന ഡോ.ജെ. ലത നിർദ്ദേശം വച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. സംവരണച്ചട്ടങ്ങൾ മറികടന്ന് ഹിന്ദി വകുപ്പിൽ നടത്തിയ നിയമനവും കോടതി റദ്ദാക്കിയിരുന്നു. പത്തോളം അദ്ധ്യാപക നിയമനങ്ങൾക്കെതിരെ കേസുകൾ നിലവിലുണ്ടെന്ന് സർവകലാശാല വൃത്തങ്ങൾ പറഞ്ഞു.