കൊച്ചി : പാലാരിവട്ടം ഫ്ളൈഒാവർ അഴിമതിക്കേസിലെ ഒന്നും രണ്ടും നാലും പ്രതികളായ ആർ.ഡി.എസ് പ്രോജക്ട്സ് എം.ഡി സുമിത് ഗോയൽ, എം.ടി. തങ്കച്ചൻ, പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ് എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസന്വേഷണം ഏറെ മുന്നോട്ടുപോയെന്നും നല്ലൊരുപങ്ക് രേഖകളും രജിസ്റ്ററുകളും പിടിച്ചെടുത്തെന്നും വിലയിരുത്തിയ സിംഗിൾബെഞ്ച് കൂടുതൽ തെളിവുകൾ കണ്ടെടുക്കാൻ പ്രതികൾ കസ്റ്റഡിയിൽ തുടരണമെന്ന് പ്രോസിക്യൂഷന് വാദമില്ലെന്നും അഭിപ്രായപ്പെട്ടു. തുടർന്നാണ് ജാമ്യം അനുവദിച്ചത്. മൂന്നാം പ്രതി ബെന്നിപോളിന് നേരത്തേ ജാമ്യം നൽകിയിരുന്നു.

ഹൈക്കോടതി പറഞ്ഞത്

മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള അന്വേഷണത്തിന് പ്രോസിക്യൂഷൻ അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്നും മറുപടി കാത്തിരിക്കുകയാണെന്നും വിജിലൻസ് വ്യക്തമാക്കിയിരുന്നു. ഇൗ നിലയിലുള്ള അന്വേഷണമാണ് നടക്കാനുള്ളത്. നിർണായകരേഖകൾ പിടിച്ചെടുത്തുകഴിഞ്ഞു. ഫ്ളൈഒാവർ ഡിസൈനറെ പ്രതിയാക്കിയിട്ടുണ്ട്. പ്രതികൾ സാക്ഷികളെ സ്വാധീനിക്കുമെന്ന് ആശങ്കയുണ്ടെങ്കിലും ആരെയും സ്വാധീനിച്ചതായി പരാതിയില്ല. ഇവർ നിയമത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടുമെന്നും പ്രോസിക്യൂഷന് ആശങ്കയില്ല. അതിനാൽ പ്രതികൾ കസ്റ്റഡിയിൽ തുടരേണ്ടതില്ല.