അനാസ്ഥയ്ക്ക് ഒരു അവാർഡുണ്ടെങ്കിൽ അത് എറണാകുളത്തെ പൊതുമരാമത്ത് വകുപ്പിന്റെ തലവന് തന്നെ കൊടുക്കണം. ദിവസവും വകുപ്പുദ്യോഗസ്ഥർ തലങ്ങും വിലങ്ങും യാത്ര ചെയ്യുന്ന വഴിയിൽ ഒരുപാട് പേരെ ദുരിതത്തിലാക്കിയ ഈ മരണക്കുഴി രണ്ടുവർഷമായി കാണാതെ പോയെങ്കിൽ ഇവരെ ഈ പണിക്ക് കൊള്ളില്ലെന്ന് തിരിച്ചറിഞ്ഞ് പിരിച്ചുവിടാൻ ചങ്കൂറ്റമുള്ള സർക്കാർ ഇനി എന്നാണുണ്ടാവുക......
കൊച്ചി: ലിസി ജംഗ്ഷനിൽ റിസർവ് ബാങ്കിന് മുന്നിലെ റോഡരികത്തെ ചതുരക്കുഴിക്ക് സംസാരശേഷി കിട്ടിയാൽ അവിടെ വീണ് ജീവിതം നരകതുല്യമായ എത്രയോ പേരുടെ കഥകൾ പറഞ്ഞേനെ. ഏറ്റവുമൊടുവിൽ കൈയും കാലുമൊടിഞ്ഞ് പോണ്ടിച്ചേരിയിൽ ചികിത്സയിൽ കഴിയുന്ന തമിഴ്നാട്ടുകാരി പവിത്രയെന്ന യുവതിയുടെ ദുരിത ജീവിതമെങ്കിലും.
ആരാണ് രണ്ട് വർഷം കൊണ്ട് ഒരുപാട് ജീവിതങ്ങളെ പ്രതിസന്ധിയിലാക്കിയ കുഴിക്ക് ഉത്തരവാദി. കൊച്ചി നഗരസഭ, പൊലീസ്, കെ.എം.ആർ.എൽ, പൊതുമരാമത്ത് വകുപ്പ്, ജല അതോറിറ്റി... ആർക്കും അറിയില്ല, ആരും പറഞ്ഞില്ല. ഒടുവിൽ പൊതുമരാമത്തുകാർ കണ്ടെത്തി, അത് ബി.എസ്.എൻ.എല്ലിന്റെ കേബിൾ കുഴിയുടെ മാൻഹോളാണത്രെ. റിസർവ് ബാങ്കിലെ സെക്യൂരിറ്റിക്കാരും എതിർവശത്തെ കടക്കാരുമെല്ലാം ദിവസമെന്നോണം ഈ അപകടങ്ങൾക്ക് സാക്ഷിയാണ്. ടൂവീലറുകാരാണ് കുഴിയുടെ മുഖ്യഇരകൾ. അരികുചേർന്ന കുഴിയിൽ ബൈക്കോ സ്കൂട്ടറോ വീണാൽ യാത്രക്കാരും വീഴും. പിന്നെ തൊട്ടടുത്തുള്ള ലിസി ആശുപത്രിയിലേക്ക്...
അങ്ങിനെ ഒരു വീഴ്ചയാണ് അച്ഛനൊപ്പം സ്കൂട്ടറിൽ പോയ പവിത്രയുടേത്. ഇടപ്പള്ളിയിൽ ഇസ്തിരിജോലി ചെയ്യുന്ന തമിഴ്നാട്ടുകാരൻ മുരുകന്റെ മകളാണ് പവിത്ര. ഇരുവരും കുഴിയിൽ കുടുങ്ങി തെറിച്ചുവീണു. തൊട്ടുപിന്നിലെ ബസ്ഡ്രൈവർ ഉടൻ ബ്രേക്കിൽ കാലമർത്തിയത് കൊണ്ടുമാത്രം രണ്ട് ജീവനുകൾ നഷ്ടമായില്ല.
പക്ഷേ പവിത്ര ഒരുമാസമായി കിടപ്പിലാണ്. ഇടതുകാലും വലതുകൈയും പ്ളാസ്റ്ററിലാണ്. കൊച്ചിയിലെ ചികിത്സ താങ്ങാനാവാത്തതിനാൽ ദിവസങ്ങൾക്കകം അച്ഛനും മകളും പോണ്ടിച്ചേരിയിലെ ആശുപത്രിയിലേക്ക് മാറി. മുരുകന്റെ ഇളയമകളുടെ ഭർതൃവീടാണ് അവിടം. അവരുടെ സഹായമുള്ളതിനാൽ ചികിത്സ നടക്കുന്നു. ഭാഗ്യത്തിന് മുരുകന് നിസാരമായ പരിക്കുകളേ പറ്റിയുള്ളൂ. തമിഴ്നാട് തേനിക്കടുത്തുള്ള ഗ്രാമത്തിൽ ജനിച്ചു വളർന്ന അറുമുഖം കഴിഞ്ഞ 30 വർഷമായി കുടുംബവുമൊത്ത് ഇടപ്പള്ളിയിലാണ് താമസം.
#അപകടം അറിഞ്ഞിട്ടും തിരിഞ്ഞ് നോക്കിയില്ല
കൊച്ചി മെട്രോയുടെ ഭാഗമായി ഡി.എം.ആർ.സി രണ്ടുവർഷം മുമ്പ് ഈ ഭാഗത്തെ റോഡുകൾ നവീകരിച്ച് ശേഷം റോഡുകൾ പി.ഡബ്ല്യൂ.ഡിയ്ക്ക് കൈമാറി. മാൻഹോൾ താഴ്ന്നത് പി.ഡബ്ല്യൂ.ഡി അധികൃതർ അറിഞ്ഞിരുന്നെങ്കിലും ഒന്നും ചെയ്തില്ല. മഴയത്ത് പെട്ടെന്ന് കുഴി കാണാനുമാകില്ല. ദിവസവും ഇതുവഴി യാത്ര ചെയ്യുന്ന പി.ഡബ്ല്യു.ഡി അധികൃതർ കണ്ടാലും കണ്ടില്ലെന്ന് നടിച്ചുപോവുകയാണ് പതിവ്. അതാണ് അറുമുഖത്തിന് ദുരിതം വരുത്തിവച്ചതും.
"റിസർവ് ബാങ്കിന് മുന്നിലെ കുഴി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബി.എസ്.എൻ.എല്ലിന്റേതാണ് അത്. ഉടൻ നടപടിയെടുക്കും."
അസി.എക്സിക്യൂട്ടീവ് എൻജിനീയർ, പി.ഡബ്ല്യൂ.ഡി, റോഡ്സ് ഡിവിഷൻ