ration-shop

കൊച്ചി: റേഷൻ സാധനങ്ങളുടെ പൂഴ്ത്തിവയ്പ്പും തട്ടിപ്പും കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് പൂട്ടുവീണത് 30 റേഷൻകടകൾക്ക്. പൂട്ടിയ കടകളിൽ കൂടുതൽ എറണാകുളത്താണ്. ഇവിടെ 12 റേഷൻ കടകളുടെ ലൈസൻസ് സർക്കാർ റദ്ദാക്കി. തിരുവനന്തപുരവും വയനാടുമാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. ഓരോ കടകൾക്ക് വീതം ഇവിടെ പൂട്ടു വീണു. അടച്ചുപൂട്ടുന്ന റേഷൻ കടകളിലെ കാർഡുകൾ തൊട്ടടുത്തെ റേഷൻ കടകളിലേക്ക് മാറ്റാനാണ് തീരുമാനം. അതേസമയം, താത്കാലികമായി റദ്ദാക്കിയ റേഷൻ കടകളുടെ എണ്ണത്തിൽ തലസ്ഥാനമാണ് ഒന്നാം സ്ഥാനത്തുള്ളത്. 76 കടകളുടെ ലൈസൻസാണ് താത്കാലികമായി റദ്ദ് ചെയ്തത്. നിയമസഭയിൽ കൊച്ചി എം.എൽ.എ കെ.ജെ മാക്സിയ്ക്ക് ലഭിച്ച രേഖാമൂലമുള്ള മറുപടിയിലാണ് ഈ വിവരമുള്ളത്.

സംസ്ഥാനത്താകമാനം 662 റേഷൻ കടകളുടെ ലൈസൻസാണ് താത്കാലികമായി റദ്ദാക്കിയത്. കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളാണ് തൊട്ടു പിന്നിൽ. പൂഴ്ത്തിവയ്പ്പ് മുതൽ കരിഞ്ചന്തയിൽ റേഷൻ സാധനങ്ങൾ വിറ്റഴിച്ചതു വരെയുള്ള കാര്യങ്ങൾക്കാണ് പൊതുവിതരണ സംവിധാനം സുതാര്യമാക്കുന്നതിന്റെ ഭാഗമായി നടപടി സ്വീകരിച്ചത്. സംസ്ഥാനത്ത് 12,515 കടകൾക്കെതിരെയാണ് സിവിൽ സപ്ലൈസ് വകുപ്പ് കേസുകൾ എടുത്തിട്ടുള്ളത്. തിരുവനന്തപുരത്താണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 1,862 കേസുകളാണ് ഈ സർക്കാരിന്റെ കാലത്ത് രജിസ്റ്റർ ചെയ്തത്. എറണാകുളം, തൃശൂർ, മലപ്പുറം, ആലപ്പുഴ ജില്ലകളാണ് തൊട്ടുപിന്നിലുള്ളത്. കേരള റേഷനിംഗ് ഓർഡർ പ്രകാരമാണ് ഇവയ്ക്കെതിരെ കേസെടുത്തത്. എറണാകുളമടക്കമുള്ള നഗരങ്ങളിൽ റേഷൻ വാങ്ങാൻ എത്താത്തവരുടെ വിഹിതം വഴിമാറ്റിയവർക്കെതിരെയും നടപടിയുണ്ട്.

നടപടി നേരിട്ട റേഷൻ കടകൾ

(ജില്ല, ക്രമക്കേട് കണ്ടെത്തിയ കടകൾ, ലൈസൻസ് താത്കാലികമായി റദ്ദ് ചെയ്തത് ക്രമത്തിൽ)

തിരുവനന്തപുരം: 1862, 176
കൊല്ലം: 987, 64
പത്തനംതിട്ട: 576, 45
ആലപ്പുഴ: 1117, 53
കോട്ടയം: 758, 50
ഇടുക്കി: 628, 0
എറണാകുളം: 1254, 63
തൃശൂർ: 1040, 66
പാലക്കാട്: 944,63
മലപ്പുറം: 1243, 36
കോഴിക്കോട്: 909, 21
വയനാട്: 318, 5
കണ്ണൂർ: 498, 8
കാസർകോട്: 390, 12

സംസ്ഥാനത്ത് ക്രമക്കേട് കണ്ടെത്തിയ റേഷൻ കടകൾ: 12,515

താത്കാലികമായി ലൈസൻസ് റദ്ദ് ചെയ്തത്: 662