സി.കെ.ഉണ്ണി
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ അമ്പലംപടി വീട്ടൂർ റോഡിലെ അപകടവളവുകൾ നേരെയാക്കാൻ നാട്ടുകാർ രംഗത്ത്. കീച്ചേരിപ്പടി ഇരമല്ലൂർ റോഡിലെ നിരപ്പ് തൈക്കാവും പടിയിൽ നിന്നും ആരംഭിച്ച് ഈസ്റ്റ് മുളവൂർ തൈക്കാവുംപടിയിൽ അവസാനിക്കുന്ന മൂന്ന് കിലോമീറ്റർ വരുന്ന റോഡാണ് ബിഎം ബിസി നിലവാരത്തിൽ ടാർചെയ്യുന്നത്.കൊടുംവളവും, കുത്തനെയുള്ള ഇറക്കവും മൂലം അപകടങ്ങൾ തുടർക്കഥയായ മുളവൂർ എം.എസ്.എം.സ്‌കൂൾ ജംഗ്ഷനിൽസമീപവാസികൾ സ്ഥലം വിട്ട് നൽകി. റോഡിലെ ചെറുതും വലുതുമായ വളവുകളെല്ലാം സമീപത്തെ സ്ഥലഉടമകളുടെ സഹകരണം തേടി നാട്ടുകാർ നേരെയാക്കുന്നു.
റോഡിന്റെ പല ഭാഗങ്ങളിലും സ്വകാര്യ വ്യക്തികൾ കൈയേറി മതിൽ നിർമിച്ചിരുന്നു, റോഡ് കൈയേറി നിർമ്മിച്ച ചാർത്തുകളെല്ലാം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അളന്ന് പൊളിച്ച് നീക്കുന്നതിനുള്ള നടപടി നടക്കുന്നു. പലകലുങ്കുകളും മണ്ണിട്ട് മൂടിയനിലയിലാണ് .ഇത് റോഡിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ടിനും റോഡിന്റെ തകർച്ചയ്ക്കും കാരണമായി.അടച്ച കലങ്കുകളും, ഓടകളും നാട്ടുകാർ തുറന്ന് ജലമൊഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു
റോഡ് ബി.എം,ബിസി നിലവാരത്തിൽ ടാർചെയ്യുന്നതിന് നേരത്തെ പൊതുമരാമത്ത് വകുപ്പിൽ നിന്നും 2.50കോടി രൂപ അനുവദിച്ചിട്ടുണ്ട്. ടെൻഡർ പൂർത്തിയാക്കി റോഡിന്റെ നിർമ്മാണോദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവ്വഹിച്ചിരുന്നു.കാൽ നൂറ്റാണ്ടിന് ശേഷം മുളവൂർ മേഖലയ്ക്ക് ലഭിച്ച ഏറ്റവും വലിയ സർക്കാർ ഫണ്ടാണ് റോഡിനായി അനുവദിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ റോഡ് നവീകരണം കുറ്റമറ്റതാക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. എട്ട് മീറ്റർ വരുന്ന റോഡ് അഞ്ചര മീറ്റർ വീതിയിൽ ബിഎം ബിസി നിലവാരത്തിൽ ടാറിംഗ് നടത്തി കലങ്കുകളും, ഓടകളും മറ്റും നിർമിച്ച് മനോഹരമാക്കുന്ന രീതിയിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്.
തകർച്ചയിൽ നിന്ന് കരകയറിവ
കോതമംഗലം നിയോജക മണ്ഡലത്തിലെ അമ്പലംപടിയിൽ നിന്നും ആരംഭിച്ച്, പായിപ്ര ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയായ വീട്ടൂരിൽ അവസാനിക്കുന്ന 10കിലോമീറ്ററാണ് റോഡ്. പായിപ്ര പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച്, 11, 12, 17,18 വാർഡുകളിലൂടെ കടന്ന് പോകുന്നു. മുളവൂർ പ്രദേശവാസികൾക്ക് പഞ്ചായത്ത് ആസ്ഥാനമായ പേഴയ്ക്കാപ്പിള്ളിയിൽ എളുപ്പത്തിൽ എത്തിച്ചേരുന്നതിന് ഉപകരിക്കുന്ന റോഡുകളിലൊന്നാണ് അമ്പലംപടിവീട്ടൂർ റോഡ്. പതിറ്റാണ്ടുകൾക്ക് മുമ്പ് റോഡ് നിർമ്മാണവും, മുളവൂർ തോടിന് കുറുകെയുള്ള വടമുക്ക് പാലവും പൂർത്തിയാക്കിയെങ്കിലും വേണ്ടത്ര ഓടകളോ, കലുങ്കുകളോ ഇല്ലാത്തത് പലസ്ഥലങ്ങളിലും റോഡിന്റെ തകർച്ചയ്ക്ക് കാരണമായി.
നാട്ടുകാരുടെ നേതൃത്വത്തിൽ റോഡിലെ അനധികൃത കൈയേറ്റങ്ങളും ഒഴിപ്പിക്കലും ആരംഭിച്ചു.
അടഞ്ഞ കലുങ്കുകൾ നാട്ടുകാർ തുറന്നു