കൊച്ചി: പാലാരിവട്ടം ഫ്ളൈഓവർ ഭാരശേഷി പരിശോധിക്കാതെ പൊളിക്കരുതെന്ന ഹർജിയിലെ ഉത്തരവിൽ കണ്ണുനട്ട് സംഘടനകളും അധികൃതരും. പാലം പൊളിച്ചുപണിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം.
ലോഡ്‌ടെസ്റ്റ് നടത്തിയ ശേഷമേ ഫ്ളൈഓവർ പൊളിക്കാവൂവെന്ന വാദമുന്നയിച്ച് ഒരു പൊതുതാത്പര്യ ഹർജിയും സ്ട്രക്ചറൽ എൻജിനിയർമാരുടെ സംഘടനയുടെ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഉപഹർജിയും സ്ട്രക്ചറൽ എൻജിനിയർമാർ നൽകിയിട്ടുണ്ട്.
സർക്കാർ നിയോഗിച്ച വകുപ്പുതല സാങ്കേതികസമിതി പൊളിക്കണമെന്ന റിപ്പോർട്ടാണ് നൽകിയത്. ബിൽഡേഴ്‌സ് അസോസിയേഷൻ, കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ, സ്ട്രക്ചറൽ എൻജിനിയേഴ്‌സ് അസോസിയേഷൻ എന്നിവ പൊളിക്കുന്നതിനെ എതിർക്കുകയാണ്. ലോഡ്ടെസ്റ്റ് സ്വന്തം ചെലവിൽ നടത്താമെന്ന് ബിൽഡർമാരുടെ സംഘടനയും അറിയിച്ചിട്ടുണ്ട്. സ്വതന്ത്ര ഏജൻസി ലോഡ്ടെസ്റ്റ് നടത്തിയാൽ പൊളിക്കേണ്ടിവരില്ലെന്നാണ് എതിർക്കുന്ന സംഘടനകൾ പറയുന്നത്.