കൊച്ചി : പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ പിടിച്ചെടുത്ത കമ്പ്യൂട്ടറുകളുടെയും ലാപ്ടോപ്പുകളുടെയും പാസ്‌വേർഡ് അന്വേഷണ സംഘത്തിനു നൽകാൻ കരാർ കമ്പനിയുടമ സുമിത് ഗോയൽ തയ്യാറാവുന്നില്ലെന്ന വിജിലൻസിന്റെ പരാതിക്ക് പരിഹാരമായി ഇതുൾപ്പെടെ കൈമാറണമെന്ന ജാമ്യവ്യവസ്ഥ ഹൈക്കോടതി ഉൾപ്പെടുത്തി. സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ ഉൾപ്പെടുന്ന കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും ഫോറൻസിക് പരിശോധനയ്ക്ക് നൽകിയിട്ടുണ്ടെന്നും സുമിത് ഗോയലോ ഇയാളുടെ ജീവനക്കാരോ സഹകരിച്ചില്ലെങ്കിൽ പാസ്‌വേർഡ് ലോക്കുള്ള ഇവയിൽ നിന്നു വിവരങ്ങൾ ലഭിക്കില്ലെന്നും വിജിലൻസ് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് സുമിത് ഗോയലിന്റെ ജാമ്യവ്യവസ്ഥയിൽ ഇതുകൂടി ഉൾപ്പെടുത്തിയത്. വ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാക്കും. ഒന്നാം പ്രതിയാണിയാൾ.

അതേസമയം സുമിത് ഗോയലിന്റെ ജാമ്യാപക്ഷയെ എതിർത്ത വിജിലൻസും സർക്കാരും അഴിമതിയുടെ സൂത്രധാരനാണ് ഇയാളെന്ന് ആരോപിച്ചു. പൊതുമുതൽ തട്ടിയെടുത്ത കേസാണിത്. സാമൂഹ്യ സാമ്പത്തിക കുറ്റകൃത്യമായി ഇതിനെ കാണണമെന്നും ഉന്നത സ്വാധീനശക്തിയുള്ള ഇയാൾ സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും വിജിലൻസ് വാദിച്ചു. സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനിയെ സഹായിക്കാൻ മറ്റു പ്രതികൾ ഗൂഢാലോചന നടത്തി ഒന്നാംപ്രതിയുമായി ചേർന്ന് അഴിമതി നടത്തിയെന്നാണ് കേസ്.