# ഓട്ടോക്കാരുടെ അനീതിക്കെതിരെ പരാതി

ആലുവ: ആലുവ റെയിൽവേ സ്‌റ്റേഷൻ സ്‌ക്വയറിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ പേരിൽമാത്രമൊതുങ്ങി. ചെറിയ ഓട്ടങ്ങൾക്കായി നാട്ടുകാർ ഓട്ടോറിക്ഷ കിട്ടാതെ നട്ടംതിരിയുകയാണ്. ഓട്ടോക്കാരുടെ മനുഷ്യത്വരഹിതമായ നടപടിക്ക് വിധേയരായ കുടുംബം ജില്ലാ കളക്ടർക്ക് പരാതി നൽകി. ആലുവ സ്വദേശി ഡോ. ആഷിഖ് ഹൈദർ അലിയാണ് കളക്ടർക്കും ജില്ലാ പൊലീസ് മേധാവി, ആർ.ടി.ഒ, ആലുവ ട്രാഫിക് പൊലീസ് എന്നിവർക്കും പരാതി നൽകിയത്.

പരാതിയിൽ പറയുന്നത്

# ഞായറാഴ്ച വൈകിട്ട് 6.10ന് ഭാര്യയും കൈക്കുഞ്ഞുമായി എത്തിയ ഡോക്ടർ തനിക്കുണ്ടായ ദുരനുഭവം പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റാൻഡിൽ മുപ്പതോളം ഓട്ടോറിക്ഷകൾ ഉണ്ടായിരുന്നെങ്കിലും ആദ്യത്തെ ഓട്ടോഡ്രൈവർ ഓട്ടം പോകില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. പിന്നിലെ വാഹനങ്ങളിലെ ഡ്രൈവർമാരെല്ലാം പുറകിൽക്കിടക്കുന്ന വണ്ടി വിളിക്കാൻ പറഞ്ഞ് ഒഴിഞ്ഞുമാറി. നേരിയ മഴ കൂടി ഉണ്ടായിരുന്നതിനാൽ ഏറെ കഷ്ടപ്പെട്ടു. കടവരാന്തയിൽ നിന്ന് അതുവഴിപോയ മറ്റൊരു ഓട്ടോറിക്ഷയിൽ കയറിയാണ് ഇവർ ലക്ഷ്യസ്ഥാനത്തെത്തിയത്. ഇതിനിടയിൽ ആദ്യം പാർക്ക് ചെയ്ത ഓട്ടോയിൽ കയറിയ മറ്റൊരു യാത്രക്കാരനെ വലിച്ച് പുറത്തിറക്കുന്ന കാഴ്ചയും കണ്ടു.

#ഇതര സംസ്ഥാനക്കാരോട് ഇഷ്ടം

യൂണിയൻ നേതാക്കളുടെ ഒത്തശയോടെ ഓട്ടോറിക്ഷക്കാർ യാത്രക്കാരെ ദുരിതത്തിലാക്കുന്നത് പതിവ് കാഴ്ചയാണ്. ആയിരക്കണക്കിനാളുകൾ വന്നിറങ്ങുന്ന റെയിൽവെ സ്‌റ്റേഷനിലെ ഓട്ടോസ്റ്റാൻഡിൽ നാട്ടുകാരായ യാത്രക്കാർക്കാണ് ദുരിതം. ഇതര സംസ്ഥാന തൊഴിലാളികളെ ഇവർ ഇരുകൈയും നീട്ടി സ്വീകരിക്കലാണ് പതിവ്. രാത്രി സമയങ്ങളിൽ ഇതര സംസ്ഥാനക്കാരുടെ ഓട്ടം മാത്രമേ ഓട്ടോറിക്ഷക്കാർ പോകുകയുള്ളൂ. അവരിൽ നിന്ന് അമിതകൂലി വാങ്ങിയെടുക്കാമെന്നതാണ് ഇതിന് കാരണം. യാത്രക്കാർ നേരിടുന്ന ദുരിതത്തിനും അവഗണനക്കും അറുതി വരുത്താൻ പൊലീസിന്റെയും ആർ.ടി.ഒ യുടെയും അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.