ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ ഏകജാലക കമ്പ്യൂട്ടറൈസ്ഡ് ബില്ലിംഗ് വിഭാഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾമുത്തലിബ് ഉദ്ഘാടനം ചെയ്തു. നഗരസഭ അദ്ധ്യക്ഷ ലിസി എബ്രഹാം, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ സരള മോഹൻ, സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി, കൗൺസിലർ ഷൈജി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
ആദ്യഘട്ടത്തിൽ രാവിലെ എട്ടുമുതൽ വൈകിട്ട് നാലുവരെ ബില്ലിംഗ്കൗണ്ടർ സേവനം ലഭിക്കും. തുടർന്ന് 24 മണിക്കൂറും പ്രവർത്തനം വിപുലീകരിക്കും. പുതിയ ഒ.പി ബ്ലോക്കിലെ മുകൾ നിലയിൽ ലാബിൽ വിവിധ ലാബ് പരിശോധനാനിരക്കുകളും മോർച്ചറിക്ക് സമീപമുള്ള റേഡിയോളജി വിഭാഗത്തിൽ സി.ടി സ്‌കാൻ, എക്‌സറേ,
സ്‌കാനിംഗ് പരിശോധന നിരക്കുകൾ, കാഷ്വാലിറ്റി ബ്ലോക്കിൽ ഇ.സി.ജി, ഫ്രീസർ നിരക്കുകൾ എന്നിവയാണ് ഈടാക്കി വന്നിരുന്നത്.
ഇനിമുതൽ ഒരു കൗണ്ടറിലൂടെ വിവിധ പരിശോധനാഫീസുകൾ അടക്കാനാവും. അത്യാഹിതവിഭാഗത്തിന് സമീപം
പുതിയ കൗണ്ടർ സ്ഥാപിച്ച് ബില്ലിംഗ് സോഫ്റ്റ്‌വെയർ സംവിധാനത്തോടെ കമ്പ്യൂട്ടറുകളും പ്രിന്ററും
സജ്ജീകരിച്ചിട്ടുണ്ട്. ആശുപത്രി വികസനസമിതി അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡുകളും വിതരണം ചെയ്തു.