ആലുവ: സംസ്ഥാന സ്‌കൂൾ പ്രവൃത്തി പരിചയമേളയിൽ കാഴ്ചവൈകല്യമുള്ളവരുടെ പ്രദർശന വിഭാഗത്തിൽ കീഴ്മാട് അന്ധവിദ്യാലയം 254 പോയിന്റോടെ ചാമ്പ്യന്മാരായി. തത്സമയ നിർമ്മാണ മത്സരങ്ങളിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കാഴ്ചപരിമിതികളെ മറ്റ് ഇന്ദ്രിയങ്ങളുടെ തീവ്രപരിശീലനത്തിലൂടെ അതിജീവിച്ച് കരകൗശല കഴിവുകളുപയോഗിച്ചാണ് 12 തൊഴിൽ മേഖലകളിൽ ഇവിടത്തെ കുട്ടികൾ പങ്കെടുത്തത്. തത്സമയ പ്രവൃത്തി പരിചയ മത്സരത്തിൽ ചെയർ കെയിനിംഗിൽ ഐബിൻ സി. തോമസ് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും പുൽപ്പായ നിർമ്മാണത്തിൽ ശ്രീലക്ഷ്മി. ടി.ആർ, ഓഫീസ് ഫയൽ നിർമ്മാണത്തിൽ സിൻഡ്രല ജോൺ, ചൂരൽക്കുട്ട നിർമ്മാണത്തിൽ മനോജ് ആർ, കുടനിർമ്മാണത്തിൽ വരുൺ ദേവ്, പേപ്പർ ക്രാഫ്റ്റ് നിർമ്മാണത്തിൽ തൃതീയ സുരേഷ് എന്നിവർ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പാഴ്‌വസ്തുക്കളിൽ നിന്നുള്ള ഉത്പന്ന നിർമ്മാണത്തിൽ ഷാൻവർ സാക്കി, മുത്തുമാല നിർമ്മാണത്തിൽ അഭിനന്ദന. ആർ. എ ഗ്രേഡോടെ മൂന്നാംസ്ഥാനം നേടി. കയർ ചവിട്ടി നിർമാണത്തിൽ വസുദേവ്, ബാഗ് നിർമാണത്തിൽ അശ്വിനി എൻ. കിണി, ഈറ്റക്കുട്ട നിർമ്മാണത്തിൽ ശ്രീറാം എസ്. എന്നിവർ എ ഗ്രേഡ് നേടി. ഹെസ്രോൺ ആന്റണി ഗ്രേഡ് നേടി.