ആലുവ: മംഗലപ്പുഴ പാലത്തിന് സമീപം പെരിയാർതീരത്ത് സംഘർഷത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാറിൽ ചീഞ്ഞളിഞ്ഞ നിലയിൽ കണ്ടെത്തി. മുപ്പത്തടം തണ്ടിരിക്കൽ പുളിക്കൽ പള്ളത്ത് വീട്ടിൽ സദാജോസിന്റെ മകൻ എബിൻ ആൽബിയുടെ (25) മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ മംഗലപ്പുഴ പാലത്തിന് സമീപം കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് സംഘർഷത്തിന്റെ തുടക്കം. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ എബിന്റെ സുഹൃത്ത് എടയാർ സ്വദേശി ശ്രീജിത്ത് ജോൺ (26) കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആലുവ ഫ്രണ്ട്ഷിപ്പ് നഗർ പുത്തൻപറമ്പിൽ ആഷിക്ക് അലിബാവ (22), ആലങ്ങാട് കല്ലുപ്പാലം കര മാവിൻകൂട്ടത്തിൽ വൈശാഖ് ബേബിപീറ്റർ (25) എന്നിവർ ആലുവ സബ് ജയിലിൽ റിമാൻഡിലാണ്. ഇവർക്കൊപ്പം ആക്രമണത്തിൽ ഉണ്ടായിരുന്ന ആലുവ സ്വദേശികളായ കിരൺ, പ്രസാദ് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. സംഘർഷത്തിൽ ഏർപ്പെട്ടിരുന്നവരെല്ലാം കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരപദാർത്ഥങ്ങൾക്ക് അടിമകളായവരും നിരവധി കേസുകളിൽ പ്രതികളുമാണ്.
വെൽഡിംഗ് തൊഴിലാളിയായ എബിൻ ആൽബിക്ക് മംഗലപ്പുഴ പാലത്തിന് സമീപമായിരുന്നു ജോലി. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെ ഇവിടെയെത്തിയ എബിനും ശ്രീജിത്തും പ്രതികളുമായി ചെറിയ സംഘർഷമുണ്ടായി. ഇതിന്റെ തുടർച്ചയായിട്ട് രാത്രി ഒമ്പതിനും സംഘർഷം നടന്നു. ഈ സമയത്ത് കമ്പിവടിക്ക് അടിയേറ്റ് ശ്രീജിത്ത് കൈ ഒടിഞ്ഞതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോന്നെങ്കിലും എബിൻ പ്രതികളെ ചോദ്യംചെയ്യാൻ പെരിയാർ തീരത്തേക്ക് പോയി. പിന്നീട് ഇയാളെ ആരും കണ്ടിട്ടില്ല.
ബുധനാഴ്ച എബിന്റെ മാതാവ് സാലി ബിനാനിപുരം പൊലീസ് സ്റ്റേഷനിലെത്തി മകനെ കാണുന്നില്ലെന്ന് പരാതി പറഞ്ഞെങ്കിലും പൊലീസ് കേസെടുത്തില്ല. എട്ടിലേറെ കേസുകളിൽ പ്രതിയായതിനാൽ മാതാവിന്റെ പരാതി പൊലീസ് അവഗണിച്ചു. സംഘർഷം നടന്നത് സംബന്ധിച്ച് കേസെടുത്ത ആലുവ പൊലീസും കാണാതായ എബിൻ ആൽബിയെക്കുറിച്ച് തിരക്കിയില്ല. പിടിയിലായ പ്രതികൾക്കെതിരെ മർദ്ദനക്കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് എബിന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് ആലുവ പൊലീസും കേസന്വേഷണം ഊർജിതമാക്കിയത്. ഇന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം പൊലീസ് തുടർ നടപടി സ്വീകരിക്കും. കൊലപാതകമാണെന്ന് ഉറപ്പ് ലഭിച്ചാൽ റിമാൻഡിലുള്ളവർക്കെതിരെ കൊലക്കുറ്റത്തിനും കേസെടുക്കുമെന്ന് ഡിവൈ.എസ്.പി ജി. വേണു പറഞ്ഞു.
എബിന്റെ മൃതദേഹം ഇന്ന് ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മാതാവ്: സാലി. സഹോദരൻ: ജോമോൻ സിബി.