കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാർ പ്രഖ്യാപിച്ച സമരം എറണാകുളം ഡിപ്പോയുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചില്ല. ഭൂരിഭാഗം ജോലിക്കാരും ഹാജരായി. ഒരു ദിവസം ശരാശരി 75 സർവീസുകളാണ് എറണാകുളം ഡിപ്പോയിൽ നിന്ന് ജില്ലയ്ക്ക് പുറത്തേയ്ക്ക് സർവീസ് നടത്തുന്നത്. ഇന്നലെ 63 സർവീസുകൾ കൃത്യമായ സമയക്രമം പാലിച്ച് ഓടി. 12 സർവീസുകളാണ് മുടങ്ങിയത്. ചില ജീവനക്കാർ സമരത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോലിയിൽ നിന്ന് വിട്ടുനിന്നു.
തിരക്ക് അനുഭവപ്പെടുന്ന രാവിലെയും വൈകിട്ടും പതിവ് ഷെഡ്യൂളുകൾ കൃത്യസമയം പാലിച്ചു. ദീർഘദൂര ബസുകളും അന്തർസംസ്ഥാന ബസുകളും പതിവുപോലെ ഡിപ്പോയിൽ നിന്ന് സർവീസ് നടത്തി.
എറണാകുളം-തേവര കെ.യു.ആർ.ടി.സി. ഡിപ്പോയിൽ നിന്നുള്ള ചിൽ ബസ്, ലോ ഫ്ലോർ എ.സി. നോൺ എസി സർവീസുകൾ സാധാരണ 54 എണ്ണമാണ്. ഈ വിഭാഗത്തിൽപ്പെട്ട 49 ബസുകളാണ് ഇന്നലെ ഇവിടെ നിന്ന് ഓടിയത്. ആലുവ, ചേർത്തല എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും സിറ്റി സർവീസുകളുമാണ് കൂടുതലായും മുടങ്ങിയത്.
മുടങ്ങിയ ശമ്പളം വിതരണം ചെയ്യുക, ശമ്പള പരിഷ്‌കരണം നടപ്പാക്കുക, ഡിഎ കുടിശിക അനുവദിക്കുക, പുതിയ ബസുകൾ വാങ്ങുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടി.ഡി.എഫ് (ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷൻ) പണിമുടക്കിന് ആഹ്വാനം ചെയ്തത്.