പറവൂർ : ഹയർസെക്കൻഡറി ക്ളാസുകളിൽ സാമ്പത്തികശാസ്ത്രം പഠിപ്പിക്കാൻ പുതിയശൈലി അവതരിപ്പിച്ച പറവൂർ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ പ്രമോദ് മാല്യങ്കരയ്ക്ക് സംസ്ഥാന സാമൂഹ്യ ശാസ്ത്രമേളയിൽ ടീച്ചിംഗ് എയ്ഡിന് എ ഗ്രേഡ്. തുടർച്ചയായി ആറാം തവണയാണ് പ്രമോദിന് ഗ്രേഡും സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും ലഭിക്കുന്നത്. സാമൂഹ്യ ശാസ്ത്രമേളയിൽ അദ്ധ്യാപകർക്കും മത്സരങ്ങൾ ഉണ്ട്. വിവിധ ജില്ലകളിൽ നിന്നുള്ള ഒമ്പത് അദ്ധ്യാപകരാണ് മത്സരത്തിൽ പങ്കെടുത്തത്. സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കാൻ ഓട്ടൻതുള്ളൽ, മൈം,സ്കിറ്റ്, സംഗീത ആൽബം തുടങ്ങിയ വ്യത്യസ്തമായ പ്രവർത്തനങ്ങൾക്ക് പ്രമോദിന് നിരവധി അവാർഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.