 സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിംഗ് സിസ്റ്റത്തിന്റെ പരീക്ഷണം വിജയിച്ചു

മാസം 500 രൂപ മുടക്കൂ....

പൊലീസ് കണ്ണടക്കാതെ സുരക്ഷയൊരുക്കും


കൊച്ചി: സ്ഥാപനങ്ങൾക്കും വീടുകൾക്കും 24 മണിക്കൂർ പൊലീസിന്റെ ചാരക്കണ്ണ് സുരക്ഷ. തുടക്കത്തിൽ 75,000 രൂപ മുടക്കണമെന്ന് മാത്രം. മാസം 500 രൂപയും നൽകണം. മോഷ്‌ടാക്കളോ അക്രമികളോ അതിക്രമിച്ച് കയറിയാൽ ഞൊടിയിടെ പൊലീസ് കൺട്രോൾ റൂമിൽ ജാഗ്രതാ നിർദ്ദേശം നൽകുന്ന സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിംഗ് സിസ്‌റ്റത്തിന്റെ (സി.ഐ.എം.എസ്) കൊച്ചിയിലെ പരീക്ഷണം വിജയിച്ചു. എം.ജി. റോഡിലെ ജോസ്‌കോ ജുവലറിയിൽ നടന്ന തത്‌സമയ പരീക്ഷണത്തിൽ സിറ്റി പൊലീസ് കമ്മിഷണർ വിജയ സാഖറെ, ജില്ലാ കളക്‌ടർ എസ്. സുഹാസ്, അഡിഷണർ കമ്മിഷണർ കെ.പി.ഫിലിപ്പ് , അസി. കമ്മിഷണർ കെ.ലാൽജി എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അടുത്തയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.


 സി.ഐ.എം.എസ്
കാമറകൾ, സെൻസറുകൾ, കൺട്രോൾ പാനൽ എന്നിവ ഉൾപ്പെടുന്ന സംവിധാനമാണ് സി.ഐ.എം.എസ്. മോഷണ ശ്രമമോ അക്രമമോ ഉണ്ടായാൽ മൂന്നു മുതൽ ഏഴ് സെക്കന്റിനകം തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തുള്ള പ്രത്യേക കൺട്രോൾ റൂമിൽ ജാഗ്രത സന്ദേശം ലഭിക്കും. ലൈവ് വീഡിയോയുമുണ്ടാകും. ഇതോടൊപ്പം ലോക്കൽ കൺട്രോൾ റൂം, പൊലീസ് സ്‌റ്റേഷൻ, ഏറ്റവും അടുത്തുള്ള പട്രോളിംഗ് വാഹനം എന്നിവയിലേക്ക് സംഭവം നടന്ന സ്ഥലത്തിന്റെ റൂട്ട് മാപ്പും ടെലഫോൺ നമ്പരും ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറും. ഉ‌ടനടി പൊലീസ് സ്ഥലത്തെത്തും. കെൽട്രോണുമായി സഹകരിച്ചാണ് പദ്ധതി.
 സ്വമേധയാ കേസെടുക്കും
സംഭവസ്ഥലത്ത് എത്തിച്ചേരുന്ന പൊലീസ് സ്വമേധയാ കേസെടുക്കും. ധനകാര്യസ്ഥാപനങ്ങൾ, എടി.എമ്മുകൾ, സുരക്ഷാ ആവശ്യമുള്ള ഓഫീസുകൾ എന്നിവിടങ്ങളിൽ ഫേസ് റെക്കഗനീഷൻ കാമറ സംവിധാനവും സ്ഥാപിക്കാൻ പദ്ധതിയുണ്ട്. പൊലീസിന്റെ വാണ്ടഡ് ലിസ്‌റ്റിലുള്ളവർ ഫേസ് റെക്കഗനീഷൻ കാമറ സ്ഥാപി ച്ചിട്ടുള്ള സ്ഥാപനങ്ങളിൽ എത്തിയാൽ അലാറം മുഴങ്ങുന്നതിനൊപ്പം വ്യക്തിയെ തിരിച്ചറിയാനുള്ള സൂചനകളും അധികൃതർക്ക് ലഭ്യമാക്കുന്ന സംവിധാനമാണിത്.

 എല്ലാവരും പങ്കാളികളാകണം
പദ്ധതിയിൽ എല്ലാവരും പങ്കാളികളാകുമെന്നാണ് പ്രതീക്ഷ. വീടുകൾക്കും സുരക്ഷ ഉറപ്പാക്കാൻ കഴിയും. മികച്ച പരിശീലനം ലഭിച്ച എസ്.ഐമാരുടെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് കൺട്രോൾ റൂം പ്രവർത്തിക്കുക. നഗര ജീവിതം കൂടുതൽ സുരക്ഷിതമാക്കുകയാണ് ലക്ഷ്യം.
വിജയ് സാഖറെ,സിറ്റി പൊലീസ് കമ്മിഷണർ

5 സ്റ്റെപ്പ്

1സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിംഗ് സിസ്‌റ്റം ഘടിപ്പിച്ച വീടോ, സ്ഥാപനമോ

2മോഷണ ശ്രമമോ അക്രമമോ ഉണ്ടായാൽ മൂന്നു മുതൽ ഏഴ് സെക്കന്റിനകം തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് ജാഗ്രത സന്ദേശം ലഭിക്കും

3സി.ഐ.എം.എസ് കൺട്രോൾ റൂം

4 പട്രോളിംഗ് ടീംസംഭവം നടന്ന സ്ഥലത്തിന്റെ റൂട്ട് മാപ്പും ടെലഫോൺ നമ്പരും ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറും

5 ഉടനടി പൊലീസ് സ്ഥലത്തെത്തി സ്വമേധയാ കേസെടുക്കും