കൊച്ചി: സിയാൽ കൺവെൻഷൻ സെന്ററിൽ 16 ന് എയ്ഞ്ചൽസ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചിയും ജില്ലാ ഭരണകൂടവും സംയുക്തമായി ഹാർട്ട്ബീറ്റ്‌സ് എന്ന പേരിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് സി.പി.ആർ പരിശീലനം നൽകും. പരിശീലകരുടെ ആദ്യ ബാച്ചിന്റെ പരിശീലനം പൂർത്തിയായി. കളമശേരി ഗവൺമെന്റ് മെഡിക്കൽ കോളേജ്, പറവൂർ ശ്രീനാരായ മെഡിക്കൽ കോളേജ്, ഇടപ്പള്ളി അമൃത മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ ആയിരത്തോളം മെഡിക്കൽ വിദ്യാർഥികൾക്ക് എയ്ഞ്ചൽസ് ഇന്റർനാഷണൽ ഫൗണ്ടേഷനും, അമേരിക്കൻ ഹാർട്ട് അസോസിയേഷനുമാണ് പരിശീലനം നൽകുന്നത്.

ഒരു മണിക്കൂറിൽ 4000 കുട്ടികൾക്ക് പരിശീലനം നൽകുന്ന വിധമാണ് ക്രമീകരണങ്ങൾ. രാവിലെ 8ന് ആരംഭിച്ച് വൈകിട്ട് 6ന് സമാപിക്കുന്ന ഏക ദിന പരിശീലന പരിപാടി ഗിന്നസ് ബുക്കിലും ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്‌സിലും സ്ഥാനം പിടിക്കുമെന്നാണ് വിലയിരുത്തൽ.