കൊച്ചി : പാലാരിവട്ടം ഫ്ളൈ ഒാവറി​ന്റെ പുനർനി​ർമ്മാണത്തി​ന് ഡി.എം.ആർ.സിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ നൽകിയ നിർദ്ദേശങ്ങൾ നടപ്പാക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ലെന്നും ചെലവ് ഇത്തിരി കൂടിയാലും പൊതു താല്പര്യത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ട്, ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള ഉന്നത സമിതയുടെ പരിശോധനാ റിപ്പോർട്ട്, ഉന്നത തല സാങ്കേതിക സമിതിയുടെ റിപ്പോർട്ട് എന്നിവ പരിഗണിച്ചാണ് തീരുമാനമെടുത്തതെന്നും പൊതുമരാമത്ത് വകുപ്പ് അണ്ടർ സെക്രട്ടറി എസ്. റജീല ബീവി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഫ്ളൈ ഒാവർ പൊളിച്ചു പണിയുന്നത് തടയണമെന്നും ഭാരപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് നിർമ്മാണ കമ്പനിയായ ആർ.ഡി.എസ് ഉൾപ്പെടെ നൽകിയ ഹർജികളിലാണ് സത്യവാങ്മൂലം നൽകിയത്. ഭാരപരിശോധന നടത്താൻ അനുവദനീയമായതിലേറെ വീതിയുള്ള വിള്ളലുകൾ ഫ്ളൈ ഒാവറിലുണ്ടെന്ന വിദഗ്ദ്ധ റിപ്പോർട്ട് ഉൾപ്പെടെയുള്ള സത്യവാങ്മൂലമാണ് നൽകിയത്. കോൺക്രീറ്റിൽ പൊതിഞ്ഞ് ഫ്ളൈ ഒാവർ ബലപ്പെടുത്താമെന്നും ഇതിനു മുമ്പ് ഭാരപരിശോധന നടത്തരുതെന്നും ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ടിൽ പറയുന്നു. 7.31 കോടി രൂപ ചെലവു വരുമെന്ന് പറയുന്ന ഐ.ഐ.ടി റിപ്പോർട്ടിൽ എത്ര വർഷം ഫ്ളൈ ഒാവറിന് ആയുസ് ഉണ്ടെന്ന് പറയുന്നില്ല. തുടർന്നാണ് ഉന്നത തല സാങ്കേതിക സമിതിയെ നിയോഗിച്ചത്. ഫ്ളൈ ഒാവറിന് 100 വർഷം ആയുസ് ഉറപ്പു നൽകുന്ന ഇ. ശ്രീധരന്റെ ശുപാർശകൾ അംഗീകരിക്കാമെന്ന് ഇൗ സമിതിയും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇന്ത്യൻ റോഡ്സ് കോൺഗ്രസിലെ ശുപാർശ പ്രകാരം 0.3 മില്ലീ മീറ്ററിലേറെ വിള്ളൽ പാലത്തിൽ പാടില്ലെന്നുണ്ട്. പാലാരിവട്ടം ഫ്ളൈ ഒാവറിൽ ഇതിലേറെ വീതിയിൽ വിള്ളലുള്ള സാഹചര്യത്തിൽ ഭാരപരിശോധന നടത്തേണ്ടതില്ല. കൊച്ചി മെട്രോ, ഇടപ്പള്ളി ഫ്ളൈ ഒാവർ, എ.എൽ. ജേക്കബ് മേൽപാലം തുടങ്ങിയവ ജനങ്ങൾക്ക് ബുദ്ധിമുട്ട് പരമാവധി കുറച്ച് നിർമ്മാണം പൂർത്തിയാക്കിയത് ഡി.എം.ആർ.സിയാണ്. ചെലവിന്റെ പേരിൽ പൊതുജന താല്പര്യം ബലികഴിക്കാനാവില്ല. 2018ൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നടത്തിയ പരിശോധനയിൽ ഫ്ളൈ ഒാവറിന്റെ ബലക്ഷയം കണ്ടെത്തിയിരുന്നു. 0.5 മില്ലീ മീറ്റർ മുതൽ 0.6 മില്ലീ മീറ്റർ വരെ വീതിയുള്ള വിള്ളലുകൾ കണ്ടെത്തി. - സത്യവാങ്മൂലത്തിൽ പറയുന്നു.