blasters

കൊച്ചി: കേരള ബ്ളാസ്‌റ്റേഴ്സും ഹോം ഗ്രൗണ്ടായ കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിന്റെ ഉടമകളായ വിശാല കൊച്ചി വികസന അതോറിട്ടിയും (ജി.സി.ഡി.എ) തമ്മിലുള്ള തർക്കങ്ങൾ 'കലാശ പോരാട്ട"ത്തിലേക്ക്. ജി.സി.ഡി.എ ഉയർത്തിയ ആരോപണങ്ങൾക്ക് അക്കമിട്ട മറുപടിയുമായി ബ്ലാസ്‌റ്റേഴ്സ് മാനേജ്മെന്റ് രംഗത്തെത്തി. ജി.സി.ഡി.എയ്ക്ക് പണം നൽകാനുണ്ടെന്ന വാദം ക്ളബ് തള്ളി. ബ്ലാസ്‌റ്റേഴ്സിനെ മറുനാട്ടിലേക്ക് പറിച്ചു നടാനുള്ള നീക്കം നടക്കുന്നുവെന്ന പ്രചാരണങ്ങൾക്കിടെ ഇരു കൂട്ടരും തമ്മിലുള്ള അടി ഇനിയുള്ള മത്സരങ്ങളെയും ബാധിച്ചേക്കും.
 നാലാം സീസണിന് ശേഷം സ്‌റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ജി.സി.ഡി.എ കണക്കാക്കിയ തുക 53 ലക്ഷമാണ്. ഇതിൽ 24 ലക്ഷം രൂപ നൽകി. ബാക്കി അറ്റകുറ്റപ്പണികൾക്കായി ജി.സി.ഡി.എ നൽകിയ എസ്റ്റിമേറ്റ് തുക യഥാർത്ഥ എസ്റ്റിമേറ്റ് തുകയേക്കാൾ ഭീമമായിരുന്നു.(28.7ലക്ഷം). അതിനാൽ അറ്റകുറ്റപണികൾ ക്ലബ് നേരിട്ട് നടത്തി. എന്നിട്ടും പണം നൽകാനുണ്ടെന്നാണ് വാദം.
 അഞ്ചാം സീസണ് ശേഷം ജി.സി.ഡി.എ മെയ്ന്റനൻസ് തുക കണക്കാക്കിയപ്പോൾ നാലാം സീസണ് ശേഷം അറ്റകുറ്റപ്പണികൾക്ക് ജി.സി.ഡി.എ ആവശ്യപ്പെട്ട തുകയും ചേർത്തു. അതാണ് ബ്ളാസ്‌റ്റേഴ്സ് നൽകാനുണ്ടെന്ന് അവകാശപ്പെടുന്ന 48.89 ലക്ഷം. നാലാം സീസണിന് ശേഷം സ്‌റ്റേഡിയത്തിൽ ബ്ളാസ്‌റ്റേഴ്സ് മെയിന്റനൻസ് നടത്തിയിട്ടും പണം നൽകാൻ ഉണ്ടെന്ന വാദമാണ് ജി.സി.ഡി.എയുടേത്.
 ആറാം സീസണിലേക്കായി സ്‌റ്റേഡിയം ക്ലബിന് വിട്ടുനൽകേണ്ട ദിവസമായ ഒക്ടോബർ ഒന്നിന് രണ്ടു ദിവസം മുമ്പാണ് ജി.സി.ഡി.എ ഡാമേജ് റിപ്പോർട്ട്‌ നൽകിയത്. ഇരിപ്പിടങ്ങൾ, ടാേയ്‌ലെറ്റുകൾ, ഇലക്ട്രിക്കൽ എന്നിവയിലെ കേടുപാടുകൾ ക്ലബ് മാറ്റി.
 വെള്ളം ,വൈദ്യുതി,പാർക്കിംഗ് എന്നിവക്കായി ജി.സി.ഡി.എ കണക്കാക്കിയ 11.79ലക്ഷം രൂപമാത്രമാണ് ക്ലബ് നൽകാനുള്ളത്. അത് നൽകാൻ തയ്യാറാണ്.
 മത്സരത്തിന് മുമ്പ് കരാറിൽ ഒപ്പിട്ടില്ലെന്ന വാദമുയർത്തുന്ന ജി.സി.ഡി.എ അതിനുള്ള സാഹചര്യം പരിശോധിക്കണം. അഞ്ചാം സീസണിൽ ജി.സി.ഡി.എക്ക് ഓരോകളിക്കും വാടകയിനത്തിൽ നൽകിയിരുന്ന തുക അഞ്ചു ലക്ഷവും നികുതിയുമായിരുന്നു. എന്നാൽ, ഈ വർഷം യാതൊരു അറിയിപ്പും കൂടാതെ വാടക 20ശതമാനം വർദ്ധിപ്പിച്ച് ആറു ലക്ഷമാക്കി. കുത്തനെയുള്ള വർദ്ധന ഒഴിവാക്കണമെന്ന ബ്ളാസ്‌റ്റേഴ്സിന്റെ ആവശ്യത്തിൽ തീരുമാനമാകാത്തതാണ് കരാർ ഒപ്പിടാൻ വൈകുന്നത്. ഇക്കാര്യത്തിൽ തീരുമാനമായില്ലെങ്കിലും കഴിഞ്ഞ രണ്ട് കളികൾക്കായി 10ലക്ഷം രൂപയും നികുതിയും നൽകി. എന്നാൽ ആറു ലക്ഷം വീതം 12ലക്ഷം രൂപയും നികുതിയും വേണമെന്നാണ് ജി.സി.ഡി.എ നിലപാട്.
 ഗോൾ കീപ്പിംഗ് സെഷൻ, സെലക്ഷൻ ട്രയൽസ് എന്നിവയ്‌ക്ക് സൗജന്യമായി മൈതാനം വിട്ടുനൽകിയെന്നാണ് ജി.സി.ഡി.എ അവകാശപ്പെടുന്നത്. എന്നാൽ പൂർണമായും മൈതാനത്തിന്റെ മെയ്ന്റനൻസ് നടത്തുന്നത് ക്ലബാണ്, ഇവ രണ്ടും തികച്ചും വാണിജ്യേതര പരിപാടികളായിരുന്നു.
സ്‌റ്റേഡിയത്തിനൊപ്പം കളികളുള്ള ദിനങ്ങളിൽ പാർക്കിംഗ് സ്ഥലം സൗജന്യമായി വിട്ടുനൽകിയെന്ന വാദം തെറ്റാണ്. സൗജന്യമായി സ്റ്റേഡിയത്തോടൊപ്പം ലഭ്യമാക്കേണ്ട പാർക്കിംഗിന് 2.36ലക്ഷം രൂപ നൽകാൻ ജി.സി.ഡി.എ ആവശ്യപെട്ടതിന്റെ രേഖകളുണ്ട്.
 കോംപ്ലിമെന്ററി പാസുകൾ ആവശ്യപ്പെട്ടിട്ടില്ലെന്ന ജി.സി.ഡി.എ വാദഗതികൾ തെറ്റാണ്. അഞ്ചാം സീസണിലെ ഉടമ്പടിയിൽ ഓരോ ജി.സി.ഡി.എ ജീവനക്കാർക്കും എല്ലാ കളികളും കാണാനുള്ള അവസരവും അവരോടൊപ്പം ഓരോ അതിഥികൾക്ക് പ്രവേശനവും ആവശ്യപ്പെട്ടിട്ടുണ്ട്. 2400 ടിക്കറ്റുകൾ ഓരോ കളികൾക്കും നൽകുന്നുണ്ട്.