കോഴിക്കോട്: മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞിനെ പന്നിയങ്കര ഇസ്ളാഹിയ പള്ളി വളപ്പിൽ ഉപേക്ഷിച്ച കേസിൽ 21 വയസുകാരിയായ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂർ എയർപോർട്ടിലെ കെ.എഫ്.സിയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശിയാണ് അറസ്റ്റിലായത്. കുഞ്ഞിന്റെ പിതാവും യുവതിയുടെ കാമുകനുമായ മലപ്പുറം ജില്ലയിലെ കാവന്നൂർ സ്വദേശിയായ 21 കാരൻ ഗൾഫിലേക്ക് കടന്നു. ഇരുവരും കരിപ്പൂർ എയർപോർട്ടിലെ കെ.എഫ്.സി ജീവനക്കാരായിരുന്നു.

ഒക്ടോബർ 28ന് രാവിലെയാണ് യുവതിയും കാമുകനും ചേർന്ന് പെൺകുട്ടിയെ ഉപേക്ഷിച്ചത്.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: യുവതിയും യുവാവും രണ്ട് വർഷത്തോളമായി പ്രണയത്തിലായിരുന്നു. യുവതി ഗർഭിണിയായി. എന്നാൽ ഈ വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. ഇതിനിടയിൽ യുവാവ് ഗൾഫിലേക്ക് ജോലി കിട്ടി പോയി. കരിപ്പൂരിൽ ഹോസ്റ്റലിൽ താമസിച്ചിരുന്ന യുവതിയുടെ ചെലവുകളൊക്കെ നോക്കിയിരുന്നത് യുവാവായിരുന്നു. എന്നാൽ മൂന്ന് മാസം മുൻപ് കെ.എഫ്.സി പൂട്ടിയതോടെ യുവതി തൃശൂരിലെ സ്വന്തം വീട്ടിലേക്ക് പോയി. തനിക്ക് വയർവീക്ക രോഗമാണെന്നും കോഴിക്കോട്ട് ചികിത്സ നടത്തുകയാണെന്നുമാണ് യുവതി വീട്ടുകാരെ അറിയിച്ചിരുന്നത്.

കോഴിക്കോട്ടും തൃശൂരുമായാണ് യുവതി പിന്നീട് താമസിച്ചിരുന്നത്. പ്രസവത്തീയതിക്ക് രണ്ട് ദിവസം മുമ്പ് ഗൾഫിൽ നിന്നെത്തിയ യുവാവ് യുവതിയെയും കൊണ്ട് ബംഗളൂരുവിലേക്ക് പോയി. അവിടത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചു. അവിടെ നിന്ന് കുഞ്ഞുമായി കോഴിക്കോട്ട് എത്തിയ ഇരുവരും ബുള്ളറ്റ് ബൈക്കിൽ പള്ളി പരിസരത്ത് എത്തി കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് യുവതി നാട്ടിലേക്ക് പോയി.

കുഞ്ഞിനെ ആരെങ്കിലും എടുത്ത് വളർത്തിക്കോട്ടെ എന്ന ധാരണയിലാണ് പള്ളി വളപ്പിൽ ഉപേക്ഷിച്ചതെന്ന് യുവതി പറഞ്ഞു. കുട്ടിയോടൊപ്പം ഉണ്ടായിരുന്ന കത്തിൽ കുഞ്ഞിന്റെ ജനനത്തീയതി രേഖപ്പെടുത്തിയിരുന്നു.
കത്ത് യുവാവാണ് എഴുതിയതെന്ന് യുവതി പറഞ്ഞു.''ഈ കുഞ്ഞിനെ കിട്ടുന്നവർ ഒഴിവാക്കരുത്. നിങ്ങൾ ഇതിനെ സ്വീകരിക്കണം. അള്ളാഹു നിങ്ങൾക്ക് തന്നതാണെന്ന് കരുതി നിങ്ങൾ ഇതിനെ നോക്കണം. ബി.സി.ജി ഹൈപ്പറ്റൈറ്റിസ് -ബി.വൺ തുടങ്ങിയ കുത്തിവയ്പുകളും മരുന്നുകളും നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. കുഞ്ഞ് ഇപ്പോൾ കോട്ടപ്പറമ്പ് മാതൃ - ശിശു സംരക്ഷണ കേന്ദ്രത്തിലാണ്. യുവാവിനെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതായി പൊലീസ് പറഞ്ഞു.

തുമ്പായത് ബുള്ളറ്റ് ബൈക്ക്

ബുള്ളറ്റ് ബൈക്ക് തേടി പന്നിയങ്കര പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വി. രമേശ് നടത്തിയ യാത്രയാണ് യുവതിയെ കണ്ടെത്താൻ ഇടയാക്കിയത്. സംഭവ ദിവസം പള്ളിയിൽ നിന്ന് കുറച്ച് മാറിയുള്ള സി.സി ടിവി കാമറയിൽ ഒരു യുവാവും യുവതിയും ബുള്ളറ്റിൽ പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ബുള്ളറ്റിന്റെ നമ്പർ ഉപയോഗിച്ച് പൊലീസ് ഉടമയായ യുവാവിനെ കണ്ടെത്തി.

എന്നാൽ പൊലീസ് എത്തും മുമ്പ് തന്നെ (നവംബർ ഒന്നിന്) യുവാവ് ഗൾഫിലേക്ക് കടന്നു. തുടർന്ന് യുവാവിന്റെ സുഹൃത്തുക്കളിൽ നിന്നാണ് യുവതിയെക്കുറിച്ച് വിവരം ലഭിച്ചത്. തൃശൂരെത്തി പൊലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.