കൊച്ചി : സഭാതർക്കം സൃഷ്ടിച്ച വിഷമതകൾ വിവരിച്ച് യാക്കോബായസഭ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം സമർപ്പിച്ചു. വിശ്വാസികളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കണമെന്ന് നിവേദനത്തിൽ അഭ്യർത്ഥിച്ചു. ഇരുവിഭാഗത്തിനും സ്വീകാര്യമായ ഇടപെടലുകൾ നടത്താമെന്ന് ഗവർണർ സഭയ്ക്ക് ഉറപ്പുനൽകി. മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിലാണ് രാജ്ഭവനിലെത്തി നിവേദനം സമർപ്പിച്ചത്.
വിശ്വാസികൾ അനുഭവിക്കുന്ന പ്രയാസങ്ങളും സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതു സംബന്ധിച്ച പ്രശ്നങ്ങളും നിവേദനത്തിൽ വിവരിച്ചിട്ടുണ്ട്. കോടതിവിധി തെറ്റായി വ്യാഖ്യാനിച്ച് മൃതശരീരം സംസ്കരിക്കാൻ പോലും കഴിയാത്ത സാഹചര്യം എതിർവിഭാഗം സൃഷ്ടിക്കുകയാണ്. വിശ്വാസികളുടെ മൗലികമായ അവകാശങ്ങൾ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ പറയുന്നു. ആവശ്യങ്ങൾ അനുഭാവപൂർണമായി പരിഗണിക്കാമെന്ന് ഗവർണർ അറിയിച്ചതായി സഭാ അധികൃതർ അറിയിച്ചു. ഇരുവിഭാഗത്തിനും സ്വീകാര്യമായ ഫോർമുല കണ്ടെത്താൻ ശ്രമിക്കും. ക്രൈസ്തവർ ഉൾപ്പെടെ സാമുദായിക സംഘടനകളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ നിലനിറുത്താൻ സഹായിക്കുമെന്നും ഗവർണർ അറിയിച്ചു.
മൈലാപ്പൂർ ഭദ്രാസനം മെത്രാപ്പോലീത്ത ഐസക് ഒസ്താത്തിയോസ്, സഭാ സെക്രട്ടറി പീറ്റർ കെ. ഏലിയാസ്, ഷെവലിയാർ സി.ഇ. ചാക്കുണ്ണി, തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരി ഫാ. സഖറിയാ കള്ളരിക്കാട്ട്, ട്രസ്റ്റി പി.സി. കുര്യൻ എന്നിവരും നിവേദകസംഘത്തിലുണ്ടായിരുന്നു.