ശ്വാസകോശ നാളികളിലെ ചുരുക്കമോ നീർവീക്കമോ മൂലം ശ്വാസം കിട്ടാതെ വരുന്ന അവസ്ഥയാണ് ആസ്ത്മ. അലർജി മൂലവും പാരമ്പര്യ ഘടകങ്ങളുമാണ് ആസ്ത്മയുടെ പ്രധാന കാരണങ്ങൾ. പൊടി, തണുപ്പ് എന്നിവയാണ് അലർജികൾ. ഇവ ശരീരത്തിലെത്തുമ്പോൾ ശരീരം അവയ്ക്കെതിരെ ഹിസ്റ്റമിൻ പോലുള്ള രാസവസ്തുക്കൾ ഉദ്പാദിപ്പിക്കുന്നു. ശ്വാസകോശത്തിലേക്കും തിരിച്ചും വായു കൊണ്ടുപോകുന്ന ശ്വസനനാളികളിലെ വിസ്താരം കുറഞ്ഞ് വലിയ തോതിൽ ബുദ്ധിമുട്ടനുഭവപ്പെടുന്നു. ഇതോടെ ശ്വസനത്തിലൂടെ ശരീരത്തിന് ലഭിക്കേണ്ട ഓക്സിജന്റെ അളവിലും ഗണ്യമായ കുറവ് അനുഭവപ്പെടും. നാം ശ്വസിക്കുന്ന വായുവിൽ അടങ്ങിയ ഒാക്സിജൻ പൂർണമായ അളവിൽ ശരീരത്തിന് ആവശ്യമായിരിക്കേ അത് ലഭിക്കാതെ പോകുന്ന അവസ്ഥയാണിത്.
വേണ്ടവിധത്തിൽ ചികിത്സ നേടാതിരുന്നാൽ ഹൈപ്പോക്ലീമയ്ക്ക് കാരണമാകുന്നുവെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ആസ്ത്മ പൂർണമായി ഭേദമാക്കാൻ ഒരു പ്രത്യേക ഭക്ഷണരീതി കൊണ്ട് സാധ്യമല്ല. ചില ഭക്ഷണ പദർത്ഥങ്ങൾ ഒഴിവാക്കുന്നതു വഴി ആസ്ത്മകൂടാതിരിക്കാനും അസ്വസ്ഥതകൾ തടയാനും കഴിയും. തൂക്കം കുറയ്ക്കുന്നതും വെയിലു കൊള്ളുന്നതും നല്ലതാണ്. വൈറ്റമിൻ സി, വൈറ്റമിൻ ഇ, ബീറ്റാ കരോട്ടിൻ, ഒമേഗ 3, കൊഴുപ്പുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.
ആപ്പിൾ, മധുരക്കിഴങ്ങ്, ഇഞ്ചി, മധുര നാരങ്ങ എന്നിവയും വൈറ്റമിൻ ഡി അടങ്ങിയ മത്സ്യം, പാൽ, മുട്ട മുതലായവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. കട്ടൻ കാപ്പി ആസ്ത്മകുറയ്ക്കാൻ സഹായിക്കും. എണ്ണ പലഹാരങ്ങൾ കഴിവതും ഒഴിവാക്കണം. ബീറ്റാ കരോട്ടിൻ അടങ്ങിയ ഭക്ഷണങ്ങളും ഓറഞ്ചു നിറമുള്ള പഴങ്ങളും ലൈക്കോപ്പിൻ അടങ്ങിയ തക്കാളി, തണ്ണിമത്തൻ, ചുവന്ന നിറമുള്ള പേരയ്ക്ക എന്നിവ ആസ്ത്മയെ പ്രതിരോധിക്കുന്നതിന് ഫലപ്രദമാണ്. പഴങ്ങളും പച്ചക്കറികളും നൽകുന്ന പ്രതിരോധ ശേഷിയാണ് ആസ്ത്മയെ ചെറുക്കുന്നത്.
ഡോ. കെ.വി തോമസ്,
സീനിയർ മെഡിക്കൽ ഓഫീസർ,
സ്പെഷ്യലിസ്റ്റ് ആശുപത്രി, കൊച്ചി.
ഫോൺ: 8547506898.