കൊച്ചി: ടി.ജെ.വിനോദ് രാജിവച്ച ഡെപ്യൂട്ടി മേയർ ഒഴിവിലേക്ക് 13 ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ യു.ഡി.എഫിന്റെ നഗരസഭാ ഭരണം ത്രിശങ്കുവിലായി. മേയർ സൗമിനി ജെയിനിനെ മാറ്റുന്നതിനെ ചൊല്ലി ഗ്രൂപ്പ് തിരിഞ്ഞുള്ള പോര് യു.ഡി.എഫിന് ഭരണം നഷ്ടപ്പെടുന്ന സ്ഥിതിയിലാക്കി. സൗമിനി ജെയിനെ മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫിനുള്ള പിന്തുണ പിൻവലിച്ചതായി കൗൺസിലർ ഗീത പ്രഭാകർ പ്രഖ്യാപിച്ചതോടെ ഭരണസമിതിയുടെ ഭൂരിപക്ഷം നഷ്ടമായി. എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട ടി.ജെ. വിനോദ് കൗൺസിലർ സ്ഥാനം രാജിവച്ചതോടെ ഒരേയൊരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഭരണസമിതിയുടെ നിലനില്പ്.
കോർപ്പറേഷനിലെ നിലവിലെ കക്ഷിനില
ആകെ ഡിവിഷനുകൾ: 74
ടി.ജെ.വിനോദിന്റെ ഒഴിവ് വന്നതോടെ: 73
യു.ഡി.എഫ്: 37
എൽ.ഡി.എഫ്: 34
ബി .ജെ.പി: 2
നിലപാട് വെളിപ്പെടുത്താതെ ബി.ജെ.പി
കൗൺസിലിൽ ഭരണസമിതിയുടെ പ്രവർത്തനത്തെ ശക്തമായി എതിർക്കുന്ന ബി.ജെ.പി കൗൺസിലർമാർ ഇതുവരെ നിലപാട് വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ആരോഗ്യ, ധനകാര്യ സ്ഥിരം സമിതികളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി. എഫിനോടൊപ്പം നിലയുറപ്പിച്ച ബി.ജെ.പി ഇത്തവണയും അതേ നിലപാട് തുടരാനാണ് സാദ്ധ്യത.
# ഭരണമാറ്റം ആവശ്യമില്ലെന്ന് ഗീത പ്രഭാകർ
മേയറെ മാറ്റാനുള്ള കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫിനുള്ള പിന്തുണ പിൻവലിച്ചതായി ഗീതാ പ്രഭാകർ പറഞ്ഞു. ഭരണസമിതിയുടെ കാലാവധി അവസാനിക്കാൻ പത്തു മാസം മാത്രം ശേഷിക്കെ ഭരണമാറ്റത്തിന്റെ ആവശ്യമില്ല. രണ്ടര വർഷത്തിനു ശേഷം മേയറെ മാറ്റാൻ ധാരണയുണ്ടെന്ന കാര്യം താനുൾപ്പെടെ കൗൺസിലർമാരെ നേതൃത്വം അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചത്. കൗൺസിലർ സ്ഥാനം രാജിവയ്ക്കാൻ ഉദ്ദേശമില്ല. സൗമിനി മേയറായി തുടർന്നാൽ താൻ പൂർണ പിന്തുണ നൽകുമെന്നും ഗീത പ്രഭാകർ പറഞ്ഞു.
നമ്പ്യാപുരം ഡിവിഷനിൽ നിന്ന് കോൺഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച ഗീത മേയർ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെയാണ് പിന്തുണച്ചത്.പിന്തുണ പിൻവലിക്കുന്നത് 13 ന് നടക്കുന്ന ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലേയെന്ന ചോദ്യത്തിന് പ്രതികരിക്കാൻ ഗീത വിസമ്മതിച്ചു. സ്വാതന്ത്ര്യസമര സേനാനിയുടെ മകളായ താൻ ഒരിക്കലും കോൺഗ്രസ് വിട്ട് മറ്റൊരു പാർട്ടിയിൽ ചേരില്ലെന്നും കൗൺസിലർ പറഞ്ഞു.
# കക്ഷി ചേർന്ന് മഹിളാ കോൺഗ്രസും
സൗമിനി ജെയിനിനെ നീക്കണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ് ജില്ല പ്രസിഡന്റും മുൻ ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷയുമായ വി.കെ. മിനിമോൾ ഉൾപ്പടെ ഐ, എ ഗ്രൂപ്പുകളിലെ ആറു കൗൺസിലമാർ കഴിഞ്ഞ ആഴ്ച രംഗത്തെത്തിയിരുന്നു.ഇതിന് തിരിച്ചടിയെന്നോണം മേയർ അനുകൂലിയായ ഗീതാ പ്രഭാകർ യു.ഡി.എഫിന് പിന്തുണ പിൻവലിച്ചത് കോൺഗ്രസ് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി.
# മുല്ലപ്പള്ളിയുടെ നിലപാട് നിർണായകം
ഉപതിരഞ്ഞെടുപ്പിൽ ടി.ജെ.വിനോദിന് വോട്ട് കുറഞ്ഞതിന് പിന്നാലെയാണ് മേയർക്കെതിരെ പാർട്ടിയിൽ കലാപം തുടങ്ങിയത്. വി.ഡി.സതീശൻ എം.എൽ.എയും ഹൈബി ഈഡൻ എം.പിയും പരസ്യ കലാപത്തിന് തുടക്കമിട്ടു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇതുവരെ മേയറെ മാറ്റുന്നതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ തീരുമാനം മേയർ മാറ്റത്തിലും നഗരസഭാ ഭരണം നിലനിറുത്തുന്നതിലും നിർണായകമാകും.