നെടുമ്പാശേരി: പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് ഹൈസ്‌കൂൾ പഞ്ചായത്തുമായി കൈകോർത്ത് കൂട്ടയോട്ടം 'പെട്രികോർ 2019' സംഘടിപ്പിക്കും. പത്തിന് വൈകിട്ട് അഞ്ചിന് കുന്നുകര പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിർത്തിയായ മാഞ്ഞാലിമുതൽ കിഴക്കേഅതിർത്തിയായ ചുങ്കംകവല വരെയാണ് കൂട്ടയോട്ടം.

ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പൂർവ വിദ്യാർത്ഥികളും പങ്കാളികളാകും. കൂട്ടയോട്ടം കടന്നുപോകുന്ന വിവിധ പോയിന്റുകളിൽ പരിസ്ഥിതി സൗഹൃദ സന്ദേശവുമായി വിദ്യാർത്ഥികൂട്ടങ്ങൾ നിലയുറപ്പിക്കും. 'പരിസ്ഥിതി സൗഹൃദ വിദ്യാലയവും ഗ്രാമവും' എന്ന സന്ദേശമാണ് പരിപാടിയുടെ ലക്ഷ്യം.

ഹൈബി ഈഡൻ എം.പി കൂട്ടയോട്ടം ഫ്ളാഗ് ഒഫ് ചെയ്യും. ചുങ്കം ജംഗ്ഷനിൽ സ്‌കൂൾ മാനേജൻ ഫാ. സേവ്യർ ആവള്ളിലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ സമ്മാനങ്ങൾ നൽകും. ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 3000, മൂന്നാം സമ്മാനം 1000 എന്നിങ്ങനെയാണ് സമ്മാനങ്ങൾ. മുൻകൂട്ടി രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് സംഘാടകസമിതി പ്രത്യേക ജഴ്‌സിയും നൽകും. 0484 478508, 9744134143 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യാം.