thodu
ചൂർണിക്കരയിലെ തോടുകളിലൊന്ന്

ആലുവ: ചൂർണിക്കര പഞ്ചായത്തിലെ തോടുകളും കുളങ്ങളും പെരിയാർവാലി കനാലുകളും സംരക്ഷികണമെന്ന ആവശ്യം ശക്തമായി. തായിക്കാട്ടുകര, കുന്നത്തേരി, അശോകപുരം മേഖലകളിലൂടെ കട്ടേപ്പാടത്തിന്റെയും ചവർപ്പാടത്തിന്റെ പരിസരങ്ങളിലൂടെയാണ് തോടുകൾ ഒഴുന്നത്.

ശക്തമായ മഴപെയ്താൽ ഈ രണ്ടു പാടത്തിന്റെയും പരിസരങ്ങളിൽ താമസിക്കുന്നവർ ക്യാമ്പുകളിലേക്ക് മാറേണ്ട അവസ്ഥയാണ്. തോടുകൾ സംരക്ഷണഭിത്തി കെട്ടി മാലിന്യംനീക്കി സംരക്ഷിച്ചാൽ പരിസരവാസികൾക്കും കൃഷിക്കും ഗുണകരമാണ്. മെട്രോയാർഡിന് സമീപമുള്ള ചവർപ്പാടത്തെ തോടുകളിൽ ജനപ്രതിനിധികളുടെയും മെട്രൊ ഉദ്യോഗസ്ഥരുടെയും ഇടപെടലിനെത്തുടർന്ന് ഒരുപരിധിവരെ ഒഴുക്ക് പുന:സ്ഥാപിച്ചിട്ടുണ്ട്. ഇലഞ്ഞിക്കുളം പോലുള്ള കുളങ്ങൾ ഭിത്തികെട്ടി സംരക്ഷിക്കണമെന്ന് പൊതു പ്രവർത്തകനായ രാജേഷ് കുന്നത്തേരി ആവശ്യപ്പെട്ടു.

#ഫണ്ട് അനുവദിച്ചിട്ടും നടപടിയില്ല

ചൂർണിക്കരയുടെ അതിർത്തിയിൽ കല്ലുങ്കൽപറമ്പ് ഭാഗത്ത് തോട് സംക്ഷിക്കാൻ അഞ്ചുലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചെങ്കിലും ഇതുവരെ ഉപയോഗിച്ചിട്ടില്ല. തോടിന്റെ വീതികുറച്ച് സ്ഥലം പലരും കൈയേറിയനിലയിലാണ്. കുന്നത്തേരി ഭാഗത്ത് സംരക്ഷണഭിത്തികൾ തകർന്നിട്ട് വർഷങ്ങളായി.