hg1

കൊച്ചി : അട്ടപ്പാടി മേലേ മഞ്ചക്കണ്ടി വനത്തിൽ തണ്ടർബോൾട്ട് കമാൻഡോകളുടെ വെടിയേറ്റു മരിച്ച മാവോയിസ്റ്റുകളായ മണിവാസകം, കണ്ണൻ എന്ന കാർത്തി എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു.

ഇവർ കൊല്ലപ്പെട്ടതു വ്യാജ ഏറ്റുമുട്ടലിലായതിനാൽ അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മണിവാസകത്തിന്റെ സഹോദരി ലക്ഷ്മി, കണ്ണന്റെ സഹോദരൻ മുരുകേശൻ എന്നിവർ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്. തൃശൂർ ഗവ. മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ കോടതിയുടെ ഉത്തരവില്ലാതെ സംസ്കരിക്കരുതെന്നാണ് നിർദ്ദേശം. പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ് വേഗത്തിൽ ലഭ്യമാക്കുന്നതിനൊപ്പം കേസിന്റെ രേഖകൾ നവംബർ എട്ടിന് ഹാജരാക്കാനും നിർദ്ദേശിച്ചു. മൃതദേഹങ്ങൾ ജീർണിക്കാനിടയുണ്ടെന്ന് സർക്കാർ അറിയിച്ചെങ്കിലും അതു തടയാനുള്ള നടപടി സ്വീകരിക്കാനാണ് ഉത്തരവിൽ നിർദ്ദേശിച്ചത്. 8ന് ഹർജി വീണ്ടും പരിഗണിക്കും.

30ന് മോർച്ചറിയിലെത്തിയ മുരുകേശനും ലക്ഷ്മിയും രാത്രിവരെ കാത്തുനിന്നിട്ടും മൃതദേഹങ്ങൾ കാണിച്ചില്ലെന്ന് ഹർജിയിൽ പറയുന്നു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് മൃതദേഹങ്ങൾ തിരിച്ചറിയാൻ ഹർജിക്കാർക്ക് അനുമതി നൽകിയിരുന്നു. മണിവാസകത്തിന്റെ കാലുകൾ ഒടിഞ്ഞ നിലയിലായിരുന്നെന്നും മൃതദേഹത്തിൽ വീണതിന്റെ പരിക്കില്ലെന്നും ഹർജിക്കാർ പറയുന്നു. പാലക്കാട് കോടതിയിൽ നൽകിയ പരാതിയെത്തുടർന്ന് മൃതദേഹങ്ങൾ സംസ്കരിക്കുന്നത് നവംബർ 4വരെ തടഞ്ഞെങ്കിലും നാലിന് സംസ്കരിക്കാൻ അനുമതി നൽകിയിരുന്നു. ഏറ്റുമുട്ടലിനെത്തുടർന്നുള്ള മരണങ്ങളിൽ പൊലീസുകാർക്കെതിരെ കേസെടുക്കണമെന്നും ഹർജി തീർപ്പാകുംവരെ മൃതദേഹങ്ങൾ സംസ്കരിക്കരുതെന്നും സുപ്രീംകോടതിയുടെ വിധിയുണ്ട്. സുപ്രീംകോടതി വിധിയനുസരിച്ച് പൊലീസിനെതിരെ കേസെടുത്തിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഇല്ലെന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ മറുപടി.