പറവൂർ : സംസ്ഥാന ജൂനിയർ പുരുഷ - വനിതാ വോളിബാൾ ചാമ്പ്യൻഷിപ്പ് എട്ടുമുതൽ പത്തുവരെ വടക്കൻ പറവൂർ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലും കെടാമംഗലം എസ്.എൻ കോളേജിലും നടക്കും.14 ജില്ലകളിലെ പുരുഷ - വനിതാടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. സംസ്ഥാന ജൂനിയർ ടീമിനെ ചാമ്പ്യൻഷിപ്പിൽ നിന്ന് തിരഞ്ഞെടുക്കും. മൂന്നു ഗ്രൗണ്ടുകളിലാണ് മത്സരം. വൈകിട്ട് മൂന്നുമുതൽ രാത്രി പത്തുവരെ ഓരോ മണിക്കൂർ ഇടവിട്ട് ആദ്യദിവസം 19 മത്സരങ്ങളും രണ്ടാം ദിവസം 17 മത്സരങ്ങളും നടക്കും. സമാപന ദിവസമായ 10ന് സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കും. ചാമ്പ്യൻഷിപ്പിൽ 36 ലീഗ് റൗണ്ടും 16നോക് ഔട്ട് റൗണ്ടുമായി 52 മത്സരങ്ങളുമാണുള്ളത്. 8ന് വൈകിട്ട് ആറിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗം ടിനു യോഹന്നാൻ ഉദ്ഘാടനം ചെയ്യും.