പെരുമ്പാവൂർ: രായമംഗലം പഞ്ചായത്തിലെ പുലിമലയിൽ അനധികൃത ഖനനം നടത്തിയതിന് മൈനിംഗ് ആന്റ് ജിയോളജി അധികൃതർ മുടക്കുഴ പോരോത്താൻ വീട്ടിൽ പി.പി. ആന്റണിക്ക് 30.73ലക്ഷം രൂപ പിഴചുമത്തി . 2012 മുതൽ 2017 വരെ നീക്കം ചെയ്ത മണ്ണിന്റെയും പാറയുടെയും റോയൽറ്റി, വില, ഇനങ്ങളിലാണ് പി​ഴ. രണ്ടുവർഷം മുമ്പ് അനധികൃതഖനനത്തിന്റെ പേരിൽ 4,93,000 രൂപപിഴ ചുമത്തിയിരുന്നു.എന്നാൽ ഖനനം ചെയ്ത മണ്ണിന്റെയും പാറയുടേയും യഥാർത്ഥ അളവ് കണക്കാക്കി വിലയും പിഴയും ഈടാക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംരക്ഷണ കർമ്മസമിതി ചെയർമാൻ വർഗീസ് പുല്ലുവഴി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെതുടർന്നാണ് പിഴപുതുക്കി നിശ്ചയിച്ചത്. പുലിമലയിൽ നിന്നും നീക്കം ചെയ്ത 10 ലക്ഷം മെട്രിക് ടൺ മണ്ണിനും 15 ലക്ഷം മെട്രിക് ടൺ കരിങ്കല്ലിനുംഅഞ്ച് കോടി രൂപ റോയൽറ്റി, പിഴ ഇനത്തിൽ ഈടാക്കേണ്ട സ്ഥാനത്താണ് 30 ലക്ഷം രൂപ മാത്രംചുമത്തിയിട്ടുള്ളതെന്ന് കർമ്മസമിതി ആരോപിച്ചു. അളവ് തിട്ടപ്പെടുത്തിയതിലെ അഴിമതിയും ക്രമക്കേടും അന്വേഷിക്കണം. ചുറ്റും ആഴത്തിൽ മണ്ണെടുത്തതുമൂലംജലഅതോറിറ്റിയുടെ വാട്ടർ ടാങ്കിനുണ്ടായ ബലക്ഷയം പരിഹരിക്കുവാൻ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപ ഇതേ വ്യക്തിയിൽ നിന്ന് ഈടാക്കിയിരുന്നു.ഹൈക്കോടതി വിധിയെ തുടർന്ന് രണ്ട് വർഷം മുമ്പാണ് പുലിമലയിലെ അനധികൃതഖനനം നിറുത്തി വെച്ചത്.