കൊച്ചി: ഓർത്തഡോക്‌സ് സഭയോട് സംസ്ഥാന സർക്കാരിന്റെ നീതിനിഷേധം തുടരുകയാണെന്ന് ഓർത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ ദിയസ്‌കോറോസ് മെത്രാപ്പൊലീത്ത ആരോപിച്ചു.
കോതമംഗലം പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ ഡി.ജി.പിയോട് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും പൊലീസിനെ വിന്യസിച്ചതല്ലാതെ സഹായിച്ചില്ല. വൈദികർക്ക് മർദ്ദനമേറ്റു. അഭിഭാഷക കമ്മിഷനെ ഓണക്കൂർ പള്ളി കാണിക്കാൻ പോയ ഫാ. ബിജു ഏലിയാസിനെയും പൊലീസിന്റെ മുന്നിൽ മർദ്ദിച്ചു. ശവസംസ്‌കാരം സംബന്ധിച്ച് സുപ്രീംകോടതി വിധി പാലിക്കും. സെമിത്തേരികൾ ഇടവകാംഗങ്ങളുടെ ഉപയോഗത്തിനുള്ളതാണ്. വികാരിയുടെ സമ്മതത്തോടും അംഗീകാരത്തോടും അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലേ മൃതദേഹങ്ങൾ സംസ്‌കരിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.