ആലുവ: പെരിയാറിൽ ചീഞ്ഞളിഞ്ഞ നിലയിൽ കണ്ടെത്തിയ മുപ്പത്തടം തണ്ടിരിക്കൽ പുളിക്കൽ പള്ളത്ത് വീട്ടിൽ എബിൻ ആൽബിയെ (25) കൊലപ്പെടുത്തിയതാണെന്ന് സൂചന. കളമശേരി മെഡിക്കൽ കോളേജിൽ പൊലീസ് സർജൻ പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം അഴുകിയതിനാൽ പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തതയില്ല. ആന്തരികാവയവങ്ങളുടെ വിശദമായ പരിശോധനക്ക് ശേഷം മാത്രമേ കൊലപാതകമാണോയെന്ന് വ്യക്തമാവൂ.
കഴുത്തിലും തലയിലും മാരകായുധം കൊണ്ട് മുറിവേറ്റ പാടുകൾ കണ്ടെത്തിയതാണ് കൊലപാതകമാണെന്ന സംശയം ബലപ്പെടാൻ കാരണം. കഴിഞ്ഞ 29ന് മംഗലപ്പുഴ പാലത്തിന് സമീപം മറ്റൊരു ക്രിമിനൽ സംഘവുമായി എബിനും സുഹൃത്തും ഏറ്റുമുട്ടിയിരുന്നു. മർദ്ദനക്കേസിൽ റിമാൻഡിലായിരുന്ന ആലുവ ഫ്രണ്ട്ഷിപ്പ് നഗർ പുത്തൻപറമ്പിൽ ആഷിക്ക് അലിബാവ (22), ആലങ്ങാട് കല്ലുപ്പാലം കരമാവിൻകൂട്ടത്തിൽ വൈശാഖ് ബേബി (25) എന്നിവരെ പൊലീസ് അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. ഒളിവിലുള്ള പ്രസാദാണ് അക്രമണത്തിന് നേതൃത്വം നൽകിയതെന്നും തങ്ങൾ പിടിച്ചുമാറ്റാൻ പോയവരാണെന്നും ഇവർ പറഞ്ഞു.
പ്രസാദിന് പുറമേആലുവ സ്വദേശിയായകിരണും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേരും ഒളിവിലാണ്.
പാതാളം സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ എബിന്റെ സംസ്കാരം നടന്നു.