വൈപ്പിൻ : കുട്ടികൾക്കൊപ്പം അമ്മമാരെയും ഹൈടെക്ക് ആക്കാൻ പരിശീലന പദ്ധതിയുമായി കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻസ് ജി.എച്ച് എസ്.എസ് സ്‌കൂൾ. ലിറ്റിൽ കൈറ്റ്‌സ് ക്ലബിന്റെ ഭാഗമായാണ് മാതൃശാക്തീകരണ പരിപാടി സംഘടിപ്പിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറുകയാണ്. ആ മാറ്റത്തെ ഉൾക്കൊള്ളാനും അതിലൂടെ മക്കളെ പഠനത്തിൽ മുൻനിരയിൽ എത്തിക്കാനും പരിശീലനത്തിലൂടെ അമ്മമാർക്ക് സാധിക്കും. ക്യൂ ആർ കോഡിലൂടെയും സമഗ്രയിലൂടെയും വിദ്യാഭ്യാസ ചാനലിലൂടെയും ലഭ്യമാക്കുന്ന പഠനവിഭവങ്ങൾ കുട്ടികളുടെ പഠനനേട്ടത്തിനായി പ്രയോജനപ്പെടുത്തുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. എഴുപത് അമ്മമാർ പങ്കെടുത്തു. റീന ജോസഫ്, യമുന ജോയ്, പി.എസ്. ശ്രീലക്ഷ്മി, നന്ദന സുനിൽ എന്നിവർ പരിശീലനം നൽകി.