കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയുടെ സ്ഥലവില്പനയുമായി ബന്ധപ്പെട്ട കേസിൽ കാക്കനാട്ടെ സി.ജെ.എഫ്.എം കോടതി കേസെടുത്ത സാഹചര്യത്തിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിയണമെന്ന് അതിരൂപതാ സുതാര്യതാ സമിതി, അൽമായ മുന്നേറ്റം ഭാരവാഹികൾ ആവശ്യപ്പെട്ടു.

സീറോ മലബാർസഭയുടെ അടിയന്തര സിനഡ് ചേർന്ന് കർദ്ദിനാളിനോട് മാറിനിൽക്കാൻ ആവശ്യപ്പെടണം. കർദ്ദിനാളിനെതിരെ നിരവധി കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മാറാൻ അദ്ദേഹം തയ്യാറാകണം. സഭയ്ക്ക് സൗജന്യമായി വിട്ടുനൽകിയ സ്ഥലമാണ് വിറ്റഴിച്ചത്. സ്ഥലം നൽകുമ്പോൾ ഒപ്പിട്ട വ്യവസ്ഥകൾക്ക് വിരുദ്ധമാണ് വില്പനയെന്ന് സുതാര്യതാ സമിതി പ്രസിഡന്റ് മാത്യു കാരോണ്ടുകടവൻ, ജനറൽ സെക്രട്ടറി റിജു കാഞ്ഞൂക്കാരൻ, മുന്നേറ്റം വക്താവ് ബോബി ജോൺ എന്നിവർ ആരോപിച്ചു.