കോലഞ്ചേരി: കേരള നിയമസഭയിലെ അവിവാഹിതരുടെ മൂവർ സംഘത്തിൽ നിന്ന് ഒരാൾ ഒൗട്ടാവുകയാണ്. റോജി എം. ജോണിനെയും കോവൂർ കുഞ്ഞുമോനെയും 'കൈവിട്ട് ' മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം വിവാഹത്തീയതി നിശ്ചയിച്ചു. ജനുവരി 12ന് രാവിലെ 11ന് മൂവാറ്റുപുഴ കുന്നക്കുരുടി സെന്റ് ജോർജ് യാക്കോബായ പള്ളിയിലാണ് വിവാഹം. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നിശ്ചയം. വധു ആയുർവേദ കണ്ണു ഡോക്ടർ ആഗി മേരി. സ്വന്തം മണ്ഡലത്തിലെ വോട്ടർ തന്നെ.
കഴിഞ്ഞ ജനുവരിയിൽ കല്ലൂർക്കാട്ടെ ആഗിയുടെ ക്ളിനിക്ക് ഉദ്ഘാടനം ചെയ്യാൻ പോയതാണ് എൽദോ. ഡോക്ടറെ കണ്ടമാത്രയിൽ ഇഷ്ടപ്പെട്ടു. പ്രണയത്തിനൊന്നും നിന്നില്ലെന്ന് വരന്റെ സത്യവാങ്മൂലം. യാക്കോബായക്കാരനായ എൽദോ റോമൻ കത്തോലിക്കാ വിഭാഗക്കാരായ പെൺവീട്ടുകാരോട് കാര്യം പറഞ്ഞു. കല്യാണം നിശ്ചയിച്ചു.
മണ്ണാംപറമ്പിൽ അഗസ്റ്റിന്റെയും മേരിയുടെ ഏകമകളാണ് 29 കാരിയായ ആഗി. പാരമ്പര്യമായി ആയുർവേദ നേത്രരോഗ ചികിത്സകരാണ് ആഗിയുടെ കുടുംബം. വാഴക്കുളത്തെ സ്വന്തം ആയുർവേദ ക്ളിനിക്കും കല്ലൂർക്കാട് തുടങ്ങിയ ചെറിയ ആശുപത്രിയും ആഗി ഭംഗിയായി നടത്തിവരികയാണെന്ന് ബി.എക്കാരനായ എൽദോ പറയുന്നു.
തൃക്കളത്തൂർ മേപ്പുറത്ത് അബ്രഹാമിന്റെ ഏലിയാമ്മയുടെയും മകനാണ് 42കാരനായ എൽദോ. രണ്ടു ചേച്ചിമാരുടെയും വിവാഹം കഴിഞ്ഞു. എൽദോയെ കല്യാണം കഴിപ്പിക്കാനുള്ള ഇവരുടെ ശ്രമം ഇതുവരെ ഫലിച്ചിരുന്നില്ല. എൽദോയുടെ തിരക്കുകൾക്കിടയിലും വിവാഹ ഒരുക്കങ്ങളൊക്കെ നടക്കുന്നുണ്ട്. ചെറിയവീട് ചെറുതായി പുതുക്കിപ്പണിതു. മരത്തിന്റെ മേൽക്കൂര ഇരുമ്പാക്കി മാറ്റി ഓട് വീണ്ടും മേഞ്ഞു.
ലളിതമാകും വിവാഹം
കമ്മ്യൂണിസ്റ്റുകാരന് യോജിച്ച രീതിയിലാകും വിവാഹം. പള്ളിയിലെ ചടങ്ങിനുശേഷം മൂവാറ്റുപുഴയിൽ സൗകര്യപ്രദമായി എത്താനാകുന്ന വേദിയിൽ വൈകിട്ട് ചായസത്കാരം ഉണ്ടാകും. മറക്കാനാവാത്ത ആയിരക്കണക്കിന് പേരുകളുണ്ട്. കഷ്ടപ്പാടിന്റെ വഴികളിൽ ഒപ്പം നടന്നവർ, കൈപിടിച്ച് കയറ്റിയവർ, കണ്ണുനീർ തുടച്ചവർ... ജീവിതത്തിലെ സുപ്രധാന ദിനത്തിൽ അവരുടെയൊക്കെ സാന്നിദ്ധ്യം എനിക്ക് വിലപ്പെട്ടതാണ്.
- എൽദോ എബ്രഹാം.