കൊച്ചി: ഈട് വസ്തുവിന്റെ വിലയേക്കാൾ ഇരട്ടി ലോൺ എടുത്ത് തട്ടിപ്പ് നടത്തിയ കേസിൽ ഇടപാടുകാരുടെ വീട്ടിലും ഓഫീസിലും ബാങ്കിന്റെ ബ്രാഞ്ചിലും സി.ബി.ഐ റെയ്ഡ് നടത്തി. പുനലൂർ, കൊല്ലം, കൊച്ചി എന്നിവിടങ്ങളിലുള്ള കമ്പനിയുടെ ഓഫീസുകളിലും ഡയറക്ടർമാരുടെ വീടുകളിലും ബാങ്ക് ഒഫ് ബറോഡയുടെ ശാഖയിലുമാണ് കൊച്ചിയിൽ നിന്നുള്ള സി.ബി.ഐ സംഘം റെയ്ഡ് നടത്തിയത്. റെയ്ഡിൽ കേസുമായി ബന്ധപ്പെട്ട രേഖകൾ സി.ബി.ഐ കണ്ടെടുത്തു.
പാർട്ട്‌നർഷിപ്പിൽ ആരംഭിച്ച റബർ ഉൽപ്പാദന കമ്പനിയ്ക്കായാണ്14 കോടി രൂപ ബാങ്ക് ഒഫ് ബറോഡയിൽ നിന്ന് ലോണെടുത്തത്. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ലോൺ നിഷ്‌ക്രിയ ആസ്തിയുടെ കണക്കിൽപ്പെടുത്തുകയായിരുന്നു. ഈട്‌ വിറ്റ് ലോൺ തുക തിരിച്ചുപിടിക്കാൻ ശ്രമിക്കവെയാണ് ക്രമക്കേട് വെളിച്ചത്തായത്. ബാങ്ക് ലോൺ നൽകിയ തുകയുടെ പകുതി പോലും വിലയില്ലാത്ത വസ്തുവാണ് ഈടായി നൽകിയത്. തുടർന്ന് ബാങ്കിൽ ആഭ്യന്തര അന്വേഷണം നടത്തുകയും കേസ് സി.ബി.ഐയ്ക്ക് കൈമാറുകയുമായിരുന്നുവെന്നും സി.ബി.ഐ ഉദ്യോഗസ്ഥൻ പറഞ്ഞു.
ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ 187 സ്ഥലങ്ങളിലായി 42 കേസുകളാണ് സി.ബി.ഐ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 7200 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്. ഇതിൽ 1000 കോടിക്ക് മേൽ തട്ടിപ്പ് നടത്തിയ 4 കേസുകളും 100 മുതൽ 1000 കോടി വരെ തട്ടിപ്പ് നടത്തിയ 11 കേസുകളുമാണുള്ളത്.