കൊച്ചി: മറുനാടുകൾക്കായി യുവജനങ്ങളെ സജ്ജമാക്കുന്ന ഞാറ്റുകണ്ടമാണ് കേരളമെന്ന് കേരള സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ പറഞ്ഞു. കയറ്റി അയയ്ക്കപ്പെടാനുള്ളവയുടെ നിർമ്മിതിയിൽ കേന്ദ്രീകരിക്കുന്നതാണ് കേരളത്തനിമയുടെയും ഭാഷയുടെയും ശോഷണത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
കാക്കനാട് രാജഗിരിയിൽ ക്രിസ്തുജയന്തി പബ്ളിക് സ്കൂളിൽ കേരളപ്പിറവി ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ സജീ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം മുഖ്യപ്രഭാഷണം നടത്തി. യുവജനോത്സവ ഗന്ധർവ സംഗീതം പ്രതിഭ മഹേഷ് മോഹൻ, കാർട്ടൂണിസ്റ്റ് ശത്രു എന്നിവർ പങ്കെടുത്തു.