trivandrum-railway-statio
trivandrum railway station

കൊച്ചി : ശുദ്ധവായു ലഭിക്കുന്ന രാജ്യത്തെ മികച്ച നഗരപ്രദേശങ്ങളിൽ ഒന്നാംസ്ഥാനത്ത് കൊച്ചിയിലെ ഏലൂരും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരവും. കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ്

ഈമാസം നാലിന് പുറത്തുവിട്ട കണക്കുകളിലാണ് രണ്ട് പ്രദേശങ്ങളും അഭിമാനനേട്ടം കൈവരിച്ചത്.

അന്തരീക്ഷ വായുവിന്റെ ശുദ്ധത അളക്കുന്ന എയർ ക്വാളിറ്റി ഇൻഡക്സ് (വായു ഗുണനിലവാര സൂചിക) പ്രകാരമാണ് കണക്ക് തയ്യാറാക്കിയിരിക്കുന്നത്. വായു ഗുണനിലവാര സൂചിക 50 ൽ താഴെ വരുന്ന സ്ഥലങ്ങളാണ് മികച്ചത് എന്ന വിഭാഗത്തിൽ വരുന്നത്. രാജ്യത്തെ നാലു നഗരപ്രദേശങ്ങൾ മാത്രമേ ഈ വിഭാഗത്തിലുള്ളു. മലിനീകരണ നിയന്ത്രണബോർഡിന്റെ വെബ്സൈറ്റിൽ എല്ലാ ദിവസത്തെയും വായു ഗുണനിലവാര സൂചിക പ്രസിദ്ധപ്പെടുത്താറുണ്ട്. ഓരോ ദിവസവും സുചികയിൽ ചെറിയ വ്യത്യാസമുണ്ടാകാറുണ്ടെങ്കിലും ഏലൂരും തിരുവനന്തപുരവും ആദ്യ നാല് സ്ഥാനങ്ങളിലുണ്ട്. നഗരപ്രദേശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന എയർ മോണിട്ടറിംഗ് സ്റ്റേഷന്റെ സഹായത്താലാണ് കണക്ക് തയ്യാറാക്കുക.

ഏറ്റവും ശുദ്ധം

നഗരപ്രദേശങ്ങളും സൂചികയും

(നവംബർ 4)

1.ഏലൂർ.............. (കൊച്ചി) : 25

2.താനെ............. (മുംബയ്) : 45

3.തിരുവനന്തപുരം ...............49

4.കോട്ട ..........(രാജസ്ഥാൻ) : 50

 ഏറ്റവും മോശം നഗരം

നഗരപ്രദേശങ്ങളും സൂചികയും

1.ജിൻഡ്, ഹരിയാന ...........448

2.ബാഗ്പത്, ഉത്തർപ്രദേശ് ..........440

3.ഗാസിയാബാദ്, ഉത്തർപ്രദേശ് ...... 440

4.ഹാപ്പൂർ, ഉത്തർപ്രദേശ് ............... 436

5. ലക്‌നൗ, ഉത്തർപ്രദേശ് ..................435

വായു ഗുണനിലവാര സൂചിക

301 - 500 അപായകരം

201 - 300 അതീവ അനാരോഗ്യകരം

151 - 200 അനാരോഗ്യകരം

101 -150 ദുർബലർക്ക് അനാരോഗ്യകരം

51 - 100 സാധാരണം

0 - 50 മികച്ചത്

അപായകരം

മനുഷ്യർക്കും മൃഗങ്ങൾക്കും ആരോഗ്യത്തിന് അതീവഹാനികരം. പുറത്തിറങ്ങുന്നത് ഒഴിവാക്കണം.

അതീവ അനാരോഗ്യകരം

ഹൃദയം, ശ്വാസകോശം എന്നിവയ്ക്ക് രോഗം ബാധിച്ചവരും വൃദ്ധരും കുട്ടികളും പുറത്തിറങ്ങുന്നത് ഒഴിവാക്കണം.

അനാരോഗ്യകരം

ഹൃദയം, ശ്വാസകോശം എന്നിവയ്ക്ക് രോഗം ബാധിച്ചവരും വൃദ്ധരും കുട്ടികളും പുറത്തിറങ്ങിയുള്ള കഠിനജോലികൾ ഒഴിവാക്കണം.

ദുർബലർക്ക് അനാരോഗ്യകരം

രോഗബാധിതരും ആരോഗ്യം കുറഞ്ഞവരും ദീർഘനേരത്തെ പ്രവൃത്തികൾ ഒഴിവാക്കണം.

മികച്ചത്

ഏറ്റവും സുഖകരമായ അന്തരീക്ഷം. ആരോഗ്യത്തിന് ഹാനികരമല്ല.

ഡൽഹിയിൽ സംഭവിച്ചത്

ഈവർഷം ജനുവരി മുതൽ ഇതുവരെ വായു ഗുണനിലവാര സൂചിക ഡൽഹിയിൽ 50 ൽ താഴെയെത്തിയത് രണ്ടു ദിവസം മാത്രമാണ്. കഴിഞ്ഞ നാലാം തിയതി സൂചിക 407 ൽ എത്തിയതോടെ നഗരം സ്തംഭിച്ചിരുന്നു.

ഡൽഹിയിലെ നാലു വർഷത്തെ ശരാശരി സൂചിക 195 ആണ്.

ഏലൂർ

എറണാകുളം നഗരത്തിൽ നിന്ന് 16 കിലോമീറ്റർ അകലെ വ്യവസായശാലകൾ നിറഞ്ഞ പ്രദേശമാണ് ഏലൂർ. പെരിയാർ നദിയാൽ ചുറ്റപ്പെട്ട് കിടക്കുന്നു. പൊതുമേഖലാസ്ഥാപനങ്ങളായ ഫാക്ട്,

ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ്, ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ്, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് എന്നിവയാണ്‌ പ്രധാന വ്യവസായ ശാലകൾ.