#യു.ഡി.എഫ് വോട്ട് അസാധുവായി
# ഉഷ പ്രവീണ് നഗരസഭാ ചെയർപേഴ്സനായി സത്യപ്രതിജ്ഞ ചെയ്തു
തൃക്കാക്കര: തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 22 വോട്ടുകൾക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഉഷ പ്രവീൺ വിജയിച്ചു. 43 അംഗ കൗൺസിലിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 21 അംഗങ്ങൾ വീതമാണുണ്ടായിരുന്നത്.
വാഴക്കാല വെസ്റ്റ് വാർഡിലെ യു.ഡി.എഫിലെ വി.എം മജീദിന്റെ വോട്ടാണ് അസാധുവായതാണ് ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് വിജയിക്കാനായത്. യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തെങ്കിലും ബാലറ്റ് പേപ്പറിൽ ഒപ്പിട്ടിരുന്നില്ല. എൽ.ഡി.എഫിലെ 21വോട്ടും യു.ഡി.എഫിന് 20 വോട്ടും ലഭിച്ചു. ഇതോടെ നഗരസഭയിലെ പന്ത്രണ്ടാമത്തെ ചെയർപേഴ്സനായി ഉഷ പ്രവീണിനെ വരണാധികാരി ഡെപ്പ്യൂട്ടി കളക്ടർ പദ്മകുമാർ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു. തുടർന്ന് സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റു. തുടർന്ന് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി.കാക്കനാട് ജംഗ്ഷനിൽ നടന്ന സമ്മേളനത്തിൽ സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ,സി.പി.ഐ മാണ്ഡലം അസി.സെക്രട്ടറി സന്തോഷ് ബാബു,നഗരസഭ വൈസ്.ചെയർമാൻ കെ.ടി .എൽദോ,സി.പി.എം നേതാക്കളായ എം.ഇ ഹസൈനാർ,സി.എൻ അപ്പുക്കുട്ടൻ,സി.കെ പരീദ് തുടങ്ങിയവർ പ്രസംഗിച്ചു.ചെയർപേഴ്സണായിരുന്ന ഷീല ചാരുവിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ അയോഗ്യയാക്കിയ സാഹചര്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ഷീല ചാരുവിനു വോട്ടവകാശം ഉണ്ടായിരുന്നില്ല. അജിത തങ്കപ്പനായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി.പട്ടികവിഭാഗ വനിതാ സംവരണമാണ് തൃക്കാക്കര നഗരസഭയിൽ അദ്ധ്യക്ഷപദവി.
#യു.ഡി.എഫിൽ പൊട്ടിത്തെറി
യു.ഡി.എഫ് കൗൺസിലർ വോട്ട് അസാധുവാക്കിയതോടെ യു.ഡി.എഫിൽ വൻ പൊട്ടിത്തെറി. കോൺഗ്രസിലെ വി.എം മജീദിന്റെ വോട്ടാണ് അസാധുവായതാണ് യു.ഡി.എഫിലെ പുതിയ കലാപത്തിന് കാരണമായി.ഇദ്ദേഹം കുറച്ചുകാലമായി കോൺഗ്രസ് നേതൃത്വവുമായി അകന്നുനിൽക്കുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന തൃക്കാക്കര സഹകരണ ആശുപത്രി ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും കോൺഗ്രസ് ഭൂരിഭാഗം കൗൺസിലർമാരും വിട്ടുനിന്നു.സംസ്ഥാന നേതൃത്വം ഇടപെട്ടു തൃക്കാക്കരയിലെ പ്രശനങ്ങൾക്ക് പരിഹാരം കണ്ടശേഷം മതി പ്രവർത്തനങ്ങളെന്നാണ് മറ്റു വനിതാ കൗൺസിലർമാരുടെ നിലപാട്.
#വിപ്പ് ലംഘനം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും
തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം സമ്മാനിക്കാൻ കോൺഗ്രസ് കൗൺസിലർ ഇ.എം.മജീദ് മനപ്പൂർവം വോട്ട് അസാധുവാക്കിയെന്നാണ് യു.ഡി.എഫിന്റെ ആരോപണം.പാർട്ടി നടപടിയെടുക്കണമെന്നും വിപ്പ് പാലിക്കാത്തതിനു തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകണമെന്നുമാണ് യു.ഡി.എഫ് കൗൺസിലർമാരുടെ ആവശ്യം. എൽ.ഡി.എഫിനെ സഹായിച്ച കൗൺസിലർക്കെതിരെ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
#സി.പി.എം നടത്തിയത് രാഷ്ട്രീയ കുതിരക്കച്ചവടം അജിത തങ്കപ്പൻ
തൃക്കാക്കരയിൽ അധികാരം കിട്ടാൻ സി.പി.എം രാഷ്ട്രീയ കുതിരക്കച്ചവടമാണ് നടത്തുന്നത്.ഒരു വർഷം മുമ്പ് അധികാരം നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ കോൺഗ്രസ് കൗൺസിലരായ ഷീല ചരുവിനെ ചെയർപേഴ്സൻ സ്ഥാനം നൽകി സി.പി.എം ഭരണം പിടിച്ചു.എന്നാൽ അവരെ കോടതി അയോഗ്യയാക്കിയതോടെ വീണ്ടും മറ്റൊരു കൗൺസിലറെ ചാക്കിട്ടുപിടിച്ചിരിക്കുകയാണ്.