കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണമടക്കമുള്ള കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയനുകൾ ജനുവരി എട്ടിന് രാജ്യവ്യാപകമായി പണിമുടക്കുമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതിന് മുന്നോടിയായി ഡിസംബർ അവസാന വാരം കേരളത്തിൽ മേഖലാ ജാഥകൾ സംഘടിപ്പിക്കും. തെക്കൻ കേരളത്തിൽ ആർ. ചന്ദ്രശേഖരനും, മദ്ധ്യകേരളത്തിൽ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമും, വടക്കൻ കേരളത്തിൽ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രനും ജാഥകൾക്ക് നേതൃത്വം നൽകും. ബി.എം.എസ് പ്രത്യക്ഷത്തിൽ പങ്കെടുക്കുന്നില്ലെങ്കിലും കേന്ദ്ര സർക്കാരിനെതിരെ അവരുടെ ദേശീയ കൗൺസിൽ പ്രമേയം പാസാക്കി. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ബി.എം.എസിനെപ്പോലും ധരിപ്പിക്കാൻ കഴിയാത്ത നിലയിലായി കേന്ദ്ര ഭരണമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.