അങ്കമാലി : ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെയും സാക്ഷരതാ സമിതിയുടേയും ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറത്തിന്റേയും നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുളള മലയാള ഭാഷാവാരാഘോഷം ഇന്ന് സമാപിക്കും
രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ആഡിറ്റോറിയത്തിൽ നടക്കുന്ന സമാപന സമ്മേളനം ഡോ. എം.സി. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ അദ്ധ്യക്ഷത വഹിക്കും.
വാരാചരണത്തോടനുബന്ധിച്ച് കാളാർകുഴിയിൽ ഭാഷാസെമിനാറും ക്വിസും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാരാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മെമ്പർ ലീലാമ്മ പോൾ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം. വർഗീസ്, മലയാള ഐക്യവേദി ഭാരവാഹികളായ എ.എസ്. ഹരിദാസ്, ജോംജി ജോസ്, വിഷ്ണുരാജ്, ജോസ് മാശേരി, ലില്ലി ആന്റണി എന്നിവർ പ്രസംഗിച്ചു. ക്വിസ് മത്സരത്തിൽ കൃഷ്‌ണേന്ദു ബിബിൻ ഒന്നാംസ്ഥാനവും സുജാത ശിവൻ രണ്ടാംസ്ഥാനവും നേടി.
കരയാംപറമ്പിൽ നടന്ന ഭാഷാസെമിനാർ ഡോ.കെ.എം. സംഗമേശൻ ഉദ്ഘാടനം ചെയ്തു. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യർ, ടി.എം. വർഗീസ്, ബാബു സാനി, കുഞ്ഞമ്മ ജേക്കബ്, സിജി വർഗീസ്, എ.സി. സാറാക്കുട്ടി എന്നിവർ പ്രസംഗിച്ചു. ഭാഷാക്വിസ് മത്സരത്തിൽ ജിൻസി ബിനോജ് ഒന്നാം സ്ഥാനവും സെബിൻ ബേബി രണ്ടാം സ്ഥാനവും നേടി.