കൊച്ചി : ഹൈക്കോടതിയിൽ നിന്ന് മാദ്ധ്യമങ്ങളെ അകറ്റിനിറുത്തരുതെന്നും അങ്ങനെ ചെയ്താൽ ഇവിടെ നടക്കുന്നത് പൊതുജനങ്ങൾക്ക് അറിയാനാവാത്ത സ്ഥിതിയുണ്ടാകുമെന്നും ജസ്റ്റിസ് വി. ചിദംബരേഷ് അഭിപ്രായപ്പെട്ടു. സർവീസിൽ നിന്ന് വിരമിച്ച ജസ്റ്റിസ് വി. ചിദംബരേഷിന് ഹൈക്കോടതിയിൽ നൽകിയ ഫുൾ കോർട്ട് റഫറൻസിലാണ് അദ്ദേഹം അഭിപ്രായം തുറന്നു പറഞ്ഞത്.

സുതാര്യത നീതിയുടെ മുഖമുദ്ര‌യാണ്. ഹൈക്കോടതി ഭരണസമിതി എടുക്കുന്ന തീരുമാനങ്ങൾ ഒൗദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് സുതാര്യത ഉറപ്പാക്കുന്ന രാജ്യത്തെ ആദ്യ കോടതിയായി കേരള ഹൈക്കോടതി മാറണം.

ചടങ്ങിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ഉൾപ്പെടെയുള്ള ജഡ്ജിമാരും അഭിഭാഷകരും ജീവനക്കാരും പങ്കെടുത്തു.

പാലക്കാട് സ്വദേശിയായ ചിദംബരേഷ് തിരുവനന്തപുരം ഗവ. ലാ കോളേജിൽ നിന്ന് നിയമബിരുദം നേടിയശേഷം 1981ൽ പ്രാക്ടീസ് ആരംഭിച്ചു. 2007 ലാണ് സീനിയർ അഭിഭാഷകനായത്. 2011 നവംബർ എട്ടിന് ഹൈക്കോടതി ജഡ്ജിയായി. 2012 ഡിസംബറിൽ സ്ഥിരം ജഡ്ജിയായി. കെ.എസ്.ആർ.ടി.സിയിലെ എംപാനൽ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും പിരിച്ചുവിടാനുള്ള ഉത്തരവുകൾ, ബൈക്കുകൾ രൂപമാറ്റം വരുത്തി ഉപയോഗിക്കുന്നതു തടഞ്ഞുകൊണ്ടുള്ള വിധി, ട്രാൻസ്ജെൻഡറുകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന വിധി തുടങ്ങിയവ ഇദ്ദേഹത്തിന്റേതാണ്. പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തെ തുടർന്ന് വെടിക്കെട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് വി. ചിദംബരേഷ് ചീഫ് ജസ്റ്റിസിനു നൽകിയ കത്താണ് പിന്നീട് ഹൈക്കോടതി പൊതുതാത്പര്യ ഹർജിയായി സ്വമേധയാ പരിഗണിച്ചത്.