കൊച്ചി: ഐ.എൻ.ടി.യു.സി എറണാകുളം ജില്ലാകമ്മിറ്റി പുതുതായി രൂപീകരിച്ചെന്ന ഒരു വിഭാഗത്തിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. സംഘടനാ ഭരണഘടനയെപ്പറ്റി യാതൊരു ധാരണയും ഇവർക്കില്ലെന്നാണ് ഇത് തെളിയിക്കുന്നത്. ദേശീയ അദ്ധ്യക്ഷൻ സഞ്ജീവറെഡ്ഡി എറണാകുളത്ത് പുതിയ ജില്ലാ പ്രസിഡന്റ് നിയമനം സംബന്ധിച്ച് യാതൊരു ഉത്തരവും തനിക്ക് നൽകിട്ടില്ല. തന്നത് നിർദേശം മാത്രമാണ്. എന്നാൽ സംഘടനാ തിരഞ്ഞെടുപ്പിൽ വരണാധികാരിയെ പ്രഖ്യാപിച്ച ശേഷം വന്നതായതിനാൽ അദ്ദേഹത്തിന്റെ നിർദേശം പരിഗണിക്കാൻ കഴിഞ്ഞില്ലെന്നും ചന്ദ്രശേഖരൻ പറഞ്ഞു. എറണാകുളത്ത് പുതിയ സംഘടനാ ഭാരവാഹികളെ പ്രഖ്യാപിച്ചവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.എൻ.ടി.യു.സിയിലെപ്പോലെ കോൺഗ്രസിലും സംഘടനാ തിരഞ്ഞെടുപ്പ് നടക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹിംകുട്ടി, സാജു തോമസ്, വി.ടി ജോർജ്, ടി.കെ രമേശ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.